തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കു പിന്തുണയുമായി മറ്റൊരു ചലച്ചിത്രപ്രവർത്തകൻകൂടി. ‘വെള്ളം’ സിനിമയുടെ നിർമാതാവ് മുരളി കുന്നുംപുറത്താണ് പിന്തുണയുമായെത്തി മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടത്.

To advertise here,

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട താൻ, ലഹരിയുടെ കറുത്ത കയങ്ങളിൽ അകപ്പെട്ടുപോയ ഭൂതകാലത്തെക്കുറിച്ചും അവിടെനിന്നു തിരികെ നടന്നുകയറിയ നാളുകളെക്കുറിച്ചും അദ്ദേഹവുമായി ഓർമ്മകൾ പങ്കുവെച്ചതായും സാമൂഹികമാധ്യമത്തിൽ കുറിച്ചു. ‘വെള്ളം’ സിനിമ ഇപ്പോഴും ഡീ-അഡിക്ഷൻ സെന്ററുകളിൽ ആളുകൾക്കു പ്രചോദനമായി പ്രദർശിപ്പിക്കുന്നുണ്ടെന്നതും മുരളി ആഭ്യന്തരമന്ത്രിയെ അറിയിച്ചു. നേരത്തേ നടൻ ഉണ്ണി മുകുന്ദനും ഓപ്പറേഷൻ തൂഫാന് പിന്തുണയറിയിച്ചിരുന്നു.

മുരളി കുന്നുംപുറത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി...

ഒപ്പം നിൽക്കാം 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്കൊപ്പം.

ബഹുമാന്യനായ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ സാധിച്ചു. ലഹരി എന്ന മാരകവിപത്തിനെതിരെ ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് എല്ലാവിധ പിന്തുണയും നേരിട്ടറിയിച്ചു.

ലഹരിയുടെ കറുത്ത കയങ്ങളിൽ അകപ്പെട്ടുപോയ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. അവിടെനിന്ന് അതിശക്തമായി ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ആ നാളുകളുടെ ഓർമ്മകൾ ഞാൻ അദ്ദേഹവുമായി പങ്കുവെച്ചു. ലഹരിയുടെ പിടിയിൽപ്പെട്ട എത്രയോ മനുഷ്യരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് എത്തിക്കാനും, ജീവിതത്തിന്റെ യഥാർത്ഥ ലഹരി എന്തെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. 'വെള്ളം' സിനിമ ഇപ്പോഴും ഡി-അഡിക്ഷൻ സെന്ററുകളിൽ ആളുകൾക്ക് പ്രചോദനമായി പ്രദർശിപ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

വളരെ പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഈ പോരാട്ടത്തിന് പിന്തുണ അറിയിച്ചതിലുള്ള അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു.

എന്നെ വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു കാര്യം...

ലഹരി എന്നത് നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകുന്ന അതിമാരകമായ വിപത്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് ഞാൻ. അതുകൊണ്ട്, എന്റെ പ്രിയപ്പെട്ട സഹോദരങ്ങളിൽ ആരെങ്കിലും അതിന്റെ ഹീനമായ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ, ദയവായി അതിൽ നിന്നും പിന്തിരിയണം. തിരിച്ചുവരാൻ മടിക്കരുത്, ജീവിതം സുന്ദരമാണ്.

ലഹരിമുക്ത കേരളത്തിനായുള്ള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.