ആദ്യമായി അഭിനയിച്ച തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

പട്ടാമ്പിയിലും കൊപ്പത്തുമുള്ള രണ്ടു തിയേറ്ററുകളിലും പോയി സിനിമ കണ്ടു. ഒരു പോസിറ്റീവ് വൈബുള്ള സിനിമയാണ്. കുടുംബചിത്രമാണ്. മാധ്യമപ്രവര്‍ത്തകരുടെ കഥയാണ് പറയുന്നത്. റൊമാന്‍സ് എല്ലാം അഭിനയിക്കുമ്പോള്‍ തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് പതിയെ ശരിയായി. ആദ്യമൊക്കെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്റെ പിന്തുണയുണ്ടായിരുന്നു. നല്ല അവസരം നന്നായി ഉപയോഗിച്ചു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കല ജീവിതത്തിന്റെ ഭാഗമാണ്, എം.എല്‍.എയായി എപ്പോഴും ഇരിക്കാന്‍ സാധിക്കില്ല. സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും- മുഹമ്മദ് മുഫ്‌സിന്‍ പറഞ്ഞു. 

അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തീ. യൂ ക്രിയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'വസന്തത്തിന്റെ കനല്‍വഴികളില്‍'എന്ന ചിത്രത്തില്‍ തമിഴ് താരം സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് ചിത്രത്തില്‍ വില്ലന്‍വേഷമാണ് ചെയ്യുന്നത്.

അന്താരാഷ്ട്രശൃംഖലകളുള്ള അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പില്‍ ഇന്ദ്രന്‍സും എത്തുന്നു. പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്, സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.