നിർമിത ബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്ക് ദൃശ്യങ്ങൾക്കും വ്യാജ കണ്ടന്റുകൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി നടി മൃണാൾ ഠാക്കൂർ. തന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി.

To advertise here,

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മൃണാൾ മുന്നറിയിപ്പ് നൽകിയത്. അനുമതിയില്ലാതെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് നടി ചൂണ്ടിക്കാട്ടി.

'എന്റെ ചിത്രം ഉപയോഗിച്ച് ഡീപ്ഫേക്ക് കണ്ടന്റുകൾ നിർമിക്കുന്നതും പങ്കുവെക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ഇത് ഉടനടി അവസാനിപ്പിക്കാനുള്ള ഔദ്യോഗിക മുന്നറിയിപ്പായി കണക്കാക്കുക. എന്റെ വ്യക്തിത്വം ഇനി ഏത് രീതിയിൽ ദുരുപയോഗം ചെയ്താലും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും,' മൃണാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സമീപകാലത്തായി സിനിമാ താരങ്ങളുടെ ചിത്രങ്ങളും ശബ്ദവും എഐ സാങ്കേതികവിദ്യ വഴി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. മോഹൻലാൽ, അക്ഷയ് കുമാർ, വരുൺ ധവാൻ, അനിൽ കപൂർ, ശിൽപ ഷെട്ടി, പ്രീതി സിന്റ, കാർത്തിക് ആര്യൻ, സുനിൽ ഷെട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ തങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്തിടെ രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ വൈറലായതിനെ തുടർന്നാണ് എ.ഐ. ഡീപ്ഫേക്കുകൾക്കെതിരെയുള്ള ചർച്ചകൾ ശക്തമായത്.