തെന്നിന്ത്യൻ താരങ്ങളായ ധനുഷും മൃണാൾ ഠാക്കൂറും വിവാഹിതരാവുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അടുത്തിടെ മൃണാൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി അത്തരത്തിലൊന്നുമില്ലെന്ന് നിഷേധിക്കുകയും ചെയ്തിരുന്നു.

To advertise here,

മൃണാൾ അഭിനയിച്ച സൺ ഓഫ് സർദാർ 2-ന്റെ പ്രദർശനത്തിന് ധനുഷ് എത്തിയതോടെയാണ് പാപ്പരാസികൾ പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രണയകഥകൾ മെനഞ്ഞ് തുടങ്ങിയത്. ഇക്കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്ന് വരെയെത്തി അഭ്യൂഹങ്ങൾ.

ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മൃണാൾ ഠാക്കൂർ. തന്റെ പുതിയ ചിത്രമായ ദോ ദിവാനെ സഹർ മെയിനിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മൃണാൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. സിനിമയുടെ പ്രീമിയർ കാണാനായി ധനുഷ് എത്തിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അവർ പങ്കുവെച്ചത്.

തേരെ ഇഷ്‌ക് മെയിൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താൻ അദ്ദേഹത്തോട് സൺ ഓഫ് സർദാർ സിനിമയുടെ പ്രദർശനത്തിന് വരുമോയെന്ന് ചോദിച്ചതെന്ന് മൃണാൾ പറഞ്ഞു. അദ്ദേഹം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ആ സിനിമ കാണാൻ എത്തിയതിൽ വളരെയേറെ സന്തോഷമായി. അത് അദ്ദേഹത്തോടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് താൻ അറിയിച്ചിരുന്നുവെന്നും മൃണാൾ പറഞ്ഞു.

ധനുഷ് അഭിനയിച്ച റായൻ, മാരി, രാഞ്ചന, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ ചിത്രങ്ങൾ കണ്ടതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ മാരി എന്ന സിനിമ എനിക്ക് എത്ര തവണ കാണാനും മടുപ്പില്ല. അദ്ദേഹം ഒരു പ്രതിഭയാണ്. ഒരു നടന് അതുപോലെയൊക്കെ അഭിനയിക്കാൻ വലിയ പരിശ്രമങ്ങൾ ആവശ്യമാണ്. മറ്റ് നടന്മാരിൽ നിന്ന് ഇങ്ങനെയുള്ള പ്രകടനങ്ങൾ പുറത്തുകൊണ്ടുവരാനും വലിയ കഴിവ് വേണം- മൃണാൾ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ തന്നെ മൃണാൾ ഠാക്കൂറിനോടും അവരുടെ സഹനടനായ സിദ്ധാന്തിനോടും വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്, താൻ അടുത്ത വർഷം വിവാഹിത ആയേക്കുമെന്നായിരുന്നു മൃണാളിന്റെ മറുപടി. എന്നാൽ, വിവാഹം എന്ന തീരുമാനം എടുക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും വ്യക്തിപരമായ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാനുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.