തിരുവനന്തപുരം: പിറന്നാൾദിനം ലാലേട്ടനാണെങ്കിലും മധുരസമ്മാനം ലഭിച്ചത് സന്ധ്യയ്ക്കാണ്. അപ്രതീക്ഷിതമായി അദ്ദേഹം വീഡിയോകോളിലെത്തിയപ്പോൾ സന്ധ്യയുടെ മനസ്സിൽ നിരവധി ലാലേട്ടൻ കഥാപാത്രങ്ങൾ മിന്നിമാഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് മോഹൻലാൽ വീഡിയോകോളിലൂടെ സന്ധ്യയെ അഭിനന്ദിച്ചത്.

To advertise here,

“മോൾ വരച്ച ചിത്രം കണ്ടിരുന്നു. ഒരുപാട് ചിത്രങ്ങൾ വരയ്ക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെ...ഞാനിപ്പോൾ ചെന്നൈയിലാണ്. തിരിച്ചു നാട്ടിലെത്തുമ്പോൾ തീർച്ചയായും നേരിൽക്കാണാം”...സന്ധ്യയ്ക്ക് ലാലേട്ടന്റെ ഉറപ്പ്. തിരിച്ച് ലാലേട്ടനു പിറന്നാൾ ആശംസകൾ നൽകി കുടുംബവും ഒപ്പംചേർന്നു.

വരച്ചുപൂർത്തിയാക്കിയ മോഹൻലാൽ ചിത്രവുമായി പ്രിയപ്പെട്ട ലാലേട്ടനെ കാത്തുള്ള സന്ധ്യയുടെ വാർത്ത ഞായറാഴ്ച ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

സന്ധ്യ ലാലേട്ടനെ കാത്തിരിപ്പാണ്; വിരല്‍തൊടാതെ വരച്ച ചിത്രം സമ്മാനിക്കാന്‍ 

ഇതു ശ്രദ്ധയിൽപ്പെട്ട മോഹൻലാലിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനിൽകുമാറാണ് പ്രദേശവാസികളായ സുഹൃത്തുക്കളെയുംകൂട്ടി പാച്ചല്ലൂരിലെ വീട്ടിലെത്തിയത്. ലാലേട്ടൻ പറഞ്ഞിട്ടാണ് ഞങ്ങൾ വന്നതെന്നും അദ്ദേഹം ചെന്നൈയിലായതിനാൽ വരാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. തുടർന്നാണ് മോഹൻലാൽ വീഡിയോകോളിലൂടെ സന്ധ്യയോടു സംസാരിച്ചത്. “ലാലേട്ടൻ വിളിച്ചല്ലോ...ഇനി നേരിട്ടുകാണുമ്പോൾ ഞാനീ ചിത്രം കൈമാറും”... സന്ധ്യ പറയുന്നു. ഇരു കൈയും കാലുമില്ലാതെയാണ് പാച്ചല്ലൂർ സ്വദേശി സന്ധ്യ ജനിച്ചത്.

ഇടതുകൈയിലെ നേർത്തവളവിൽ പെൻസിൽ പിടിച്ചാണ് ചിത്രം വരയ്ക്കുന്നത്. അങ്ങനെ വരച്ച മോഹൻലാൽചിത്രം അദ്ദേഹത്തിനു സമ്മാനിക്കുകയെന്നതായിരുന്നു സന്ധ്യയുടെ ആഗ്രഹം.