മെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത്തെ ചിത്രം കൂടിയാണിത്.

To advertise here,

പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കപ്പെട്ടത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക', 'തുടരും' എന്നിവയാണ് തരുണിന്റെ മുൻചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.

വലിയ ഇടവേളക്കുശേഷം മോഹൻലാൽ പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. ജനുവരി 23-ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

സംഗീതം: ജേക്‌സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ശബ്ദസംവിധാനം: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, കോ- ഡയറക്ഷൻ: ബിനു പപ്പു, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. പിആർഒ: വാഴൂർ ജോസ്.