
'തുടരും' ചിത്രത്തിലെ മോഹൻലാലിന്റെ നവരസങ്ങൾ ചേർത്ത് ആരാധകൻ നിർമിച്ച വീഡിയോ പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. ഹൃദ്യമായ കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. 'ബെൻസ് നവരസങ്ങൾ' ഒടുവിൽ ശരിയായ രീതിയിൽ ഒരാൾ കണ്ടെത്തിയിരിക്കുന്നുവെന്ന് തരുൺ മൂർത്തി കുറിച്ചു.
'ഒടുവിൽ ശരിയായ രീതിയിൽ ഒരാൾ അത് കണ്ടിരിക്കുന്നു. ഒരു കഥകളി കലാകാരനെന്ന നിലയിൽ മോഹൻലാലിലൂടെ നവരസങ്ങൾ സ്‌ക്രീനിൽ അവതരിപ്പിക്കുന്നതുകാണാൻ എന്റെ ഹൃദയം എപ്പോഴും കൊതിച്ചിരുന്നു. ആ ഭാവങ്ങൾ മോണിറ്ററിൽ വിരിയുന്നതുകാണുക എന്നത് സ്വകാര്യ സന്തോഷമായിരുന്നു- നിശബ്ദമായ, പൂർണ്ണമായ, ആഴത്തിൽ സംതൃപ്തി നൽകുന്ന ഒന്ന്'- തരുൺ കുറിച്ചു.
'എന്നാൽ, ലോകം മുഴുവനും 'തുടരും' എന്ന സിനിമയുടെ ഓരോ സൂക്ഷ്മചലനങ്ങളേയും വിശകലനംചെയ്തപ്പോഴും നവരസങ്ങളെക്കുറിച്ച് മാത്രം ചർച്ച ചെയ്യപ്പെട്ടില്ല. അവ എവിടെയോ ആരോടും പറയാത്ത സത്യംപോലെ മറഞ്ഞുകിടന്നു'- അദ്ദേഹം അഭിപ്രായപ്പെട്ടു.
'അപ്പോഴാണ് മോഹൻലാൽ സാറിനൊപ്പമുള്ള ഞങ്ങളുടെ അടുത്ത ചിത്രത്തിന്റെ തിരക്കഥാ പൂജ ദിവസം വന്നത്. ആ പവിത്രമായ നിമിഷത്തിൽ, ആരോ 'ബെൻസ് നവരസങ്ങൾ' എന്ന ആശയവുമായെത്തി. അതൊരു അംഗീകാരവും അനുഗ്രഹവുമായിരുന്നു. അതൊരു മഹത്വത്തിന്റെ സാക്ഷ്യമായിരുന്നു', തരുൺ കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത 'തുടരും' വലിയ വിജയമായിരുന്നു. തരുണിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിന്റെ തിരക്കഥാ പൂജ കഴിഞ്ഞദിവസം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നിരുന്നു. 23-ന് ഷൂട്ടിങ് ആരംഭിക്കും.
Content Highlights: Director Tharun Moorthy shares a fan-made video celebrating Mohanlal`s 9 emotions in `Thudarum`
Published: 17 Jan 2026, 01:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented