കുടുംബചിത്രം പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. മകന്‍ പ്രണവ് മോഹന്‍ലാല്‍, മകള്‍ വിസ്മയ മോഹന്‍ലാല്‍, ഭാര്യ സുചിത്ര എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. 'പ്രിയ്യപ്പെട്ടതെല്ലാം ഒരു ഫ്രെയ്മില്‍', എന്ന ക്യാപ്ഷനോടെയാണ് ചിത്രം.

To advertise here,

കുടുംബചിത്രമെങ്കിലും ആരാധകരുടെ കണ്ണിലുടക്കിയത് മറ്റൊന്നാണ്. മകള്‍ വിസ്മയ ഇരിക്കുന്ന ഒരു ലാംബ്രട്ട സ്‌കൂട്ടര്‍. എംഎല്‍ 2255 നമ്പറിലുള്ള സ്‌കൂട്ടറാണ് മോഹന്‍ലാലിനെയടക്കം മറികടന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കുണ്ടന്നൂരിലെ ഫ്‌ളറ്റില്‍നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

2022 ജൂലായില്‍ മോഹന്‍ലാല്‍ കൊച്ചി കുണ്ടന്നൂരില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു. ഐഡന്റിറ്റി ബില്‍ഡിങ്ങിലെ രണ്ട് നിലകള്‍ ഒന്നിച്ചു ചേര്‍ത്ത ഡൂപ്ലെക്‌സ് ഫ്‌ളാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് 'എംഎല്‍ 2255' ലാംബി.

2019-ല്‍ പുറത്തിറങ്ങിയ 'ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഈ ലാംബി ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് മോഹന്‍ലാല്‍ സ്വന്തമാക്കി. മോഹന്‍ലാലിന്റെ വസതി സന്ദര്‍ശിക്കുന്ന താരങ്ങള്‍ ഈ ലാംബിയോടൊപ്പം ഫോട്ടോയെടുത്ത് പങ്കുവെക്കുന്നത് പതിവാണ്. പൃഥ്വിരാജ്, ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പങ്കുവെച്ചിരുന്നു.

മകള്‍ വിസ്മയ മോഹന്‍ലാലിന്റെ കന്നി സിനിമയായ 'തുടക്കം' പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. പ്രണവ് നായകനായ രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഈ സന്തോഷങ്ങള്‍ക്കിടെയാണ് മോഹന്‍ലാല്‍ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്.