17 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ 'പേട്രിയറ്റി'നെ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

To advertise here,

മോഹൻലാൽ ഡബ്ബിങ് ചെയ്യുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നു. റേഞ്ച് റോവർ കാറിൽ എൽ366 സിനിമയുടെ ലുക്കിൽ കറുപ്പ് ഷർട്ടും പാന്റ്‌സും ധരിച്ച്‌ ഡബ്ബിങ്ങിനെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ മോഹൻലാലിന് നിർദേശങ്ങൾ നൽകാനായി സ്റ്റുഡിയോയിലുണ്ട്. 'ഓക്കേ അല്ലേ', എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ 'ഓക്കേ സർ', എന്ന് മഹേഷ് മറുപടി നൽകുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ഏപ്രിൽ 23-ന് ആഗോള റിലീസായെത്തും. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.