
പിറന്നാൾ ദിനത്തിലെ ആശംസകൾക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. വ്യാഴാഴ്ച രാത്രി പത്തേകാലോടെ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലാണ് മോഹൻലാൽ സ്‌നേഹസന്ദേശങ്ങൾക്ക് നന്ദി പറഞ്ഞത്. തന്റെ ജീവിതയാത്രയുടെ ഭാഗമായതിന് മലയാളികളോടും ആരാധകരോടും താരം നന്ദി പറഞ്ഞു.
'ഇന്നുണർന്നത് സ്‌നേഹസാഗരത്തിലേക്കായിരുന്നു, അതെന്നെ വല്ലാതെ സ്പർശിച്ചു. ഓരോ ആശംസയും പ്രാർഥനയും ഹൃദയംഗമമായ സന്ദേശങ്ങളും എന്റെ ഹൃദയത്തെ അളവറ്റ കൃതജ്ഞതകൊണ്ട് നിറച്ചു. ഇത്തരം നിമിഷങ്ങളാണ് ചുറ്റുമുള്ള ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ എത്ര ഭാഗ്യവാനാണെന്ന് ഓർമ്മിപ്പിക്കുന്നത്. എന്റെ യാത്രയുടെ ഒരു സുന്ദരമായ ഭാഗമായതിനും ഇന്നത്തെ ദിവസം ഇത്രയും വിശേഷമാക്കിയതിനും നന്ദി. നിങ്ങളിൽ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു', മോഹൻലാൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യം 3 ഇരുകൈയും നീട്ടി സ്വീകരിച്ചതിനും മോഹൻലാൽ പ്രേക്ഷകരോട് നന്ദി പറഞ്ഞു. 'ദൃശ്യം 3 വലിയ സ്‌നേഹത്തോടും ആവേശത്തോടും കൃതജ്ഞതയോടും കൂടിയാണ് നിർമിച്ചത്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ ആ സ്‌നേഹം തിരികെ ലഭിക്കുന്നത് എന്നെ ആഴത്തിൽ സ്പർശിച്ചു. നിങ്ങളുടെ അഭിപ്രായങ്ങളും വാക്കുകളും നിങ്ങൾ പങ്കുവെച്ച വികാരങ്ങളും എന്തെങ്കിലും സംഖ്യകളേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കണ്ടതിനും, ആസ്വദിച്ചതിനും, ഓരോ നിമിഷവും അനുഭവിച്ചതിനും, ജോർജുകുട്ടിയെയും കുടുംബത്തെയും നിങ്ങളുടേതായി സ്വീകരിച്ചതിനും നന്ദി', മറ്റൊരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
പ്രേക്ഷകർക്കൊപ്പമായിരുന്നു മോഹൻലാലിന്റെ കഴിഞ്ഞദിവസത്തെ പിറന്നാൾ ആഘോഷം. പുതിയ ചിത്രം ദൃശ്യം 3 അദ്ദേഹം എറണാകുളം കവിത തിയേറ്ററിലെത്തി പ്രേക്ഷകർക്കൊപ്പം കണ്ടു. ഭാര്യ സുചിത്രാ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, അഭിനേതാക്കളായ മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞശേഷം പ്രേക്ഷകർക്കൊപ്പം മോഹൻലാൽ പിറന്നാൾ കെയ്ക്ക് മുറിച്ചു.
മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയേറ്ററുകളിലെത്തിയ 'ദൃശ്യം 3' കേരളത്തിൽ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്.
രാവിലെ എട്ടിനായിരുന്നു ആദ്യ പ്രദർശനം. 2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗം ഒടിടിയിൽ റിലീസായി. മോഹൻലാലിനൊപ്പം മീന, എസ്തർ, അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Mohanlal celebrated his birthday by watching Drishyam 3 with fans at Kavitha Theatre. The actor expressed deep gratitude for the birthday wishes and the love received for Drishyam 3. Drishyam 3 released on 465 screens in Kerala and 3000 screens worldwide. Key cast members including Meena and Esther Anil joined the birthday celebrations
Published: 22 May 2026, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented