ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ മലയാളത്തിന്റെ മോഹൻലാലും. യു.എസിലെ കെൻസാസ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

To advertise here,

സ്‌റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങൾ പുറത്തുവന്നു. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

താടിവടിച്ച് മീശ നീട്ടിവളർത്തിയ, 'അതിമനോഹരം' ചിത്രത്തിലെ ലുക്കിലാണ് മോഹൻലാൽ ഇപ്പോൾ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കളികാണാൻ അർജന്റീനയുടെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്.

അർജന്റീന ഫുട്‌ബോൾ ടീമിനോടുള്ള ആരാധന മുമ്പ് പലവട്ടം താരം തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. ലാലേട്ടൻ എന്ന് എഴുതി മെസി ഒപ്പിട്ട പത്താംനമ്പർ ജേഴ്‌സി ലഭിച്ചതിന്റെ സന്തോഷം മുമ്പ് മോഹൻലാൽ പങ്കുവെച്ചിരുന്നു. മെസി സ്വന്തം കൈപ്പടയിൽ ലാലേട്ടൻ എന്ന് എഴുതുന്നതിന്റെ വീഡിയോ മോഹൻലാൽ പുറത്തുവിട്ടിരുന്നു. 2022-ൽ അർജന്റീനയുടെ ലോകകപ്പ് വിജയം മോഹൻലാൽ ആഘോഷമാക്കിയിരുന്നു.

ക്വാർട്ടർ ഫൈനലിൽ അർജന്റീന ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് സ്വിറ്റ്‌സർലൻഡിനെ പരാജയപ്പെടുത്തി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അലക്‌സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലൗട്ടറോ മാർട്ടിനസ് എന്നിവരാണ് ഗോൾ നേടിയത്.