
നായകന്റെ അടിയേറ്റുവീഴാനായിരുന്നു വെള്ളിത്തിരയിൽ മോഹൻരാജിനെന്നും യോഗം. സേതുമാധവൻ കുത്തിമലർത്തിയ കീരിക്കാടൻ ജോസിൽനിന്നു തുടങ്ങുന്നു അഭിനയജീവിതത്തിന്റെ ഉയർച്ച.
കിരീടത്തിലെ കീരിക്കാടൻ എന്ന വട്ടപ്പേരിനുമുന്നിൽ മോഹൻരാജ് എന്ന യഥാർഥപേര് പ്രേക്ഷകൻ മറന്നു. കോളിവുഡിൽ മസ്താനെന്നും തെലുങ്ക്‌സിനിമയിൽ ഗുഡിവാഡ റായിഡു എന്ന പേരിലുമറിയപ്പെടുന്ന ‘കൊടുംവില്ലനാണ്’ മോഹൻരാജ്. മുറിപ്പാടുകൾനിറഞ്ഞ മുഖവും അസാമാന്യ ഉയരവും; ചോരക്കണ്ണുകളുമുള്ള വില്ലൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായിരുന്നു. നടനാകാൻ ഒരുശതമാനംപോലും താത്പര്യമില്ലാത്ത എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ സിനിമ അങ്ങോട്ടുചെന്ന് ക്ഷണിക്കുകയായിരുന്നു.
കീരിക്കാടന്റെ വേഷത്തിൽ അണിയറപ്രവർത്തകർ ആദ്യം കണ്ടിരുന്നത് തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞുനിന്നിരുന്ന നടൻ പ്രദീപ് ശക്തിയെയായിരുന്നു. പക്ഷേ, വ്യക്തിപരമായ അസൗകര്യങ്ങളാൽ പ്രദീപിന് ചിത്രീകരണത്തിന് എത്താൻകഴിഞ്ഞില്ല. കലാധരൻ എന്ന സിനിമാസുഹൃത്താണ് മോഹൻരാജിനെ കിരീടത്തിന്റെ അണിയറപ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്. മുൻനിര അഭിനേതാക്കൾ വേണ്ടെന്നും അഭിനയത്തിൽ മുൻപരിചയമില്ലാത്തൊരാൾ അവതരിപ്പിച്ചാൽ വേഷം നന്നാകുമെന്നുമായിരുന്നു തിരക്കഥാകൃത്ത് ലോഹിതദാസിന്റെ അഭിപ്രായം.
അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻരാജ് ഒരിക്കൽ പറഞ്ഞു: ‘‘അന്നും ഇന്നും എനിക്ക് ആക്റ്റിങ് അറിയില്ല. സംവിധായകൻ പറഞ്ഞുതരുന്നത് ക്യാമറയ്ക്കുമുന്നിൽ അവതരിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്.’’ ആറാംതമ്പുരാനിലും നരസിംഹത്തിലും നരനിലുമെല്ലാം പഴയ കീരിക്കാടനെ തല്ലിത്തോൽപ്പിച്ചാണ് ലാലിന്റെ കഥാപാത്രം കരുത്തുതെളിയിച്ചത്.
മോഹൻലാലാണ് സംഘട്ടനത്തിൽ മോഹൻരാജിന്റെ ഗുരു, ആക്‌ഷൻരംഗങ്ങളിലെ ഇടപെടലുകൾ എങ്ങനെയെല്ലാം വേണമെന്ന് കിരീടത്തിന്റെ സെറ്റിൽെവച്ച് ലാൽ പറഞ്ഞുകൊടുത്തു. സ്‌കൂൾക്കാലത്ത് നാഷണൽ അത്‌ലറ്റ് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങൾക്ക് ഉപകരിച്ചതായി മോഹൻരാജ് പിന്നീട് പറഞ്ഞിട്ടുണ്ട്. സൈന്യത്തിൽ ചേരണമെന്നതായിരുന്നു കുട്ടിക്കാലംമുതലുള്ള ആഗ്രഹം. അത് സാധിക്കുകയും ചെയ്തു. എന്നാൽ, കാലിനേറ്റ പരിക്കിനെത്തുടർന്ന് തിരിച്ചുപോരേണ്ടിവന്നു. എഴുതിയ പരീക്ഷകളിലെല്ലാം വിജയിച്ച് ജോലിനേടി. കേരള പോലീസ് എസ്.ഐ. ടെസ്റ്റ് റാങ്കോടെയാണ് പാസാകുന്നത്. കരസേന, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ വിവിധവകുപ്പുകളിൽ പ്രവർത്തിച്ചു. ജോലിയിൽനിന്ന് ലീവ് കിട്ടുംമുൻപേ സിനിമയ്ക്കു പുറകെപ്പോയത് വിനയായി, ഉദ്യോഗത്തിൽനിന്ന് പുറത്താക്കപ്പെട്ടും അതിനെതിരേ കേസുനടത്തിയുമെല്ലാമാണ് റിട്ടയർമെന്റിലേക്കെത്തുന്നത്.
അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസറായി കോഴിക്കോട്ട് ജോലിചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. സിനിമാക്കാര്യം ഒപ്പമുള്ളവരോട് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. അവരേയും കൂട്ടി അപ്‌സര തിയേറ്ററിലേക്കുപോയി. ഇടവേളയായപ്പോൾ വില്ലൻ തിയേറ്ററിലുണ്ടെന്ന വാർത്തപരന്നു. സുഹൃത്തുക്കൾ വട്ടംനിന്ന് സുരക്ഷയൊരുക്കുകയായിരുന്നു. പടം കഴിയുമ്പോഴേക്കും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് എത്തേണ്ടിവന്നു. ഒരുവിധത്തിലാണന്ന് രക്ഷപ്പെട്ടത്, തിയേറ്ററിൽ നിർത്തിയിട്ട ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്.
സിനിമയിലെ കൊടുംവില്ലന്മാരെല്ലാം ഹാസ്യകഥാപാത്രങ്ങളിലേക്ക് ചേക്കേറിയപ്പോൾ മോഹൻരാജും ആ വഴി പരീക്ഷിച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച ‘ഹലോ’ അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ജോലിയിൽനിന്ന് വിരമിച്ച താരം കുടുംബസമേതം ചെന്നൈയിലായിരുന്നു. പഴയ വില്ലനെ അന്വേഷിച്ച് സിനിമ പിന്നെയും പലതവണ മദിരാശിയിലേക്ക് വണ്ടികയറി... അടിയും ഇടിയും വാങ്ങുന്ന സ്ഥിരംവേഷങ്ങൾ ഏറ്റെടുക്കാൻ മോഹൻരാജിന് താത്പര്യമില്ലായിരുന്നു. അവരെയെല്ലാം ചിരിച്ചുകൊണ്ട് അദ്ദേഹം മടക്കിയയച്ചു.
Content Highlights: Demised actor Keerikkadan Jose- Mohan Raj- known as Masthan in Tamil, Gudiwada Rayudu in Telugu
Published: 04 Oct 2024, 01:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented