ബൈസൺ എന്ന ചിത്രത്തിന്റെ വിജയത്തിൽ തികഞ്ഞ സന്തോഷത്തിലാണ് സംവിധായകൻ മാരി സെൽവരാജ്. കഥാപാത്രങ്ങൾക്ക് ഇരുണ്ട നിറമുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം. ഓരോ വ്യക്തിയുടെയും ശാരീരിക സവിശേഷതകളേക്കാളുപരി, അഭിനയത്തോടുള്ള അവരുടെ അഭിനിവേശവും കഴിവും വിലയിരുത്തിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതെന്ന് സെൽവരാജ് ഊന്നിപ്പറഞ്ഞു.

To advertise here,

തൊലിയുടെ നിറമോ സൗന്ദര്യമോ പോലുള്ള പരിഗണനകളല്ല, മറിച്ച് കലയ്ക്കുവേണ്ടി പൂർണ്ണമായി സമർപ്പിക്കാനുള്ള സന്നദ്ധതയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമെന്ന് മാരി സെൽവരാജ് വിശദീകരിച്ചു. 'ബൈസൺ' സിനിമയിൽ അനുപമ പരമേശ്വരനും രജിഷ വിജയനുമായിരുന്നു നായികമാർ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അവരെ ബ്രൗൺ ഫെയ്‌സിംഗ് ചെയ്ത സംവിധായകന്റെ തീരുമാനത്തെ ഒരു വിഭാഗം ആളുകൾ വിമർശിച്ചിരുന്നു. ഇതിനേക്കുറിച്ചും മാരി സെൽവരാജ് സംസാരിച്ചു.

"അത് തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും. ഇതിലും പ്രശ്നങ്ങളുണ്ട്. ശാരീരിക വെല്ലുവിളികളുള്ള ഒരു കഥാപാത്രമുണ്ടെങ്കിൽ, അതേ അവസ്ഥയിലുള്ള ഒരാളെ നമുക്ക് സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ല. നമുക്ക് അവരെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല. അഭിനയവും കലയും ഒരുപാട് ആളുകളെ ഉൾക്കൊള്ളുന്നതാണ്. അതിനെ പുനഃസൃഷ്ടിക്കുക എന്നതാണ് പ്രധാനം." മാരി സെൽവരാജ് പറഞ്ഞു.

"ഓരോ വ്യക്തിയുടെയും താൽപ്പര്യവും കഴിവും അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ആളുകളെ തിരഞ്ഞെടുക്കുന്നത്. അവരുടെ തൊലിയുടെ നിറമോ സൗന്ദര്യമോ നോക്കിയല്ല ഞങ്ങൾ ആളുകളെ തിരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിനുവേണ്ടി അവർ എത്രത്തോളം പോകാൻ തയ്യാറാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ആളുകളെ തിരഞ്ഞെടുക്കുന്നത്. അവർ അവരുടെ ഹൃദയവും ആത്മാവും അതിനായി നൽകുന്നു. സംവിധായകരായ ഞങ്ങൾ നായികമാരെ തേടി നടക്കാറുണ്ട്. ഞങ്ങൾക്ക് പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല."മാരി സെൽവരാജ് കൂട്ടിച്ചേർത്തു.

അർജുന അവാർഡ് ജേതാവായ കബഡി താരം മണത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'ബൈസൺ' ഒരുക്കിയിരിക്കുന്നത്. ലാൽ, പശുപതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.