ലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന വിശേഷണവുമായെത്തി ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ ചിത്രമായിരുന്നു മാര്‍ക്കോ. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ദിവസങ്ങള്‍ക്ക് മുമ്പാണ് ഒ.ടി.ടി.യിലും റിലീസായത്. ഒ.ടി.ടി.യിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

To advertise here,

ചിത്രം ഒ.ടി.ടി.യില്‍ റിലീസായെങ്കിലും നടന്‍ റിയാസ് ഖാന്റെ സീനുകള്‍ ഒ.ടി.ടി. പതിപ്പിലും ഉള്‍പ്പെടുത്തിയിരുന്നില്ല. നേരത്തെ തിയേറ്റര്‍ പ്രദര്‍ശനത്തില്‍ റിയാസ് ഖാന്റെ സീനുകള്‍ എവിടെപ്പോയെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അതെല്ലാം ഒ.ടി.ടി.യില്‍ ഉണ്ടാകുമെന്നായിരുന്നു നിര്‍മാതാവായ ഷെരീഫ് മുഹമ്മദിന്റെ മറുപടി. എന്നാല്‍, ഒ.ടി.ടി.യിലും റിയാസ് ഖാന്റെ സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന് ലഭിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സിനിമ നിര്‍മാണ കമ്പനി എന്നനിലയില്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രേക്ഷകര്‍ സ്വീകരിച്ച മാര്‍ക്കോയുടെ തിയേറ്റര്‍ പതിപ്പ് അതേപടി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നുമായിരുന്നു ഇതുസംന്ധിച്ച് ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചത്.

ഒ.ടി.ടി.യിലും ഡിലീറ്റഡ് സീനുകള്‍ ഉള്‍പ്പെടുത്താതിരുന്നതോടെ പ്രേക്ഷകര്‍ക്കിടയിലും പല അഭ്യൂഹങ്ങളുണ്ടായിരുന്നു.  ഇതിനുപിന്നാലെയാണ് റിയാസ് ഖാന്‍ ഉള്‍പ്പെട്ട ആക്ഷന്‍രംഗം തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തതായി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചത്. ഈ രംഗങ്ങളില്‍ അതീവ വയലന്‍സ് ഇല്ലാത്തതിനാല്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ച് ഈ രംഗം പുറത്തിറക്കാന്‍ സാധിക്കുന്നതാണെന്നും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഡിലീറ്റഡ് സീനുകള്‍ പുറത്തുവന്നതോടെ ഈ രംഗങ്ങള്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയത് നന്നായെന്നായിരുന്നു യൂട്യൂബ് വീഡിയോക്ക് താഴെവന്ന ഭൂരിഭാഗം കമന്റുകള്‍. 'ഡിലീറ്റഡ് സീനിനോട് നൂറുശതമാനം നീതിപുലര്‍ത്തിയ ഡിലീറ്റഡ് സീന്‍', 'സിനിമയ്ക്ക് ഒട്ടും ആവശ്യം ഇല്ലാത്തൊരു സീന്‍, ഡിലീറ്റ് ആക്കിയത് നന്നായി', 'ഡിലീറ്റഡ് സീന്‍ ആവാന്‍ ഏറ്റവും അര്‍ഹമായ സീന്‍, എഡിറ്റര്‍ക്ക് ബിഗ് സല്യൂട്ട്' എന്നിങ്ങനെയെല്ലാമായിരുന്നു കമന്റുകള്‍.