
1. മണ്ടാടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞപ്പോൾ 2. 'മണ്ടാടി'യിൽ സൂരി | ഫോട്ടോ: സ്ക്രീൻഗ്രാബ്, X
സൂരി നായകനായി ചിത്രീകരണം പുരോഗമിക്കുന്ന മണ്ടാടി എന്ന ചിത്രത്തിന്റെ കടലിലെ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടം. കടലിൽവെച്ചുള്ള ഒരു രംഗം പകർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽവീണു. ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒരുകോടി രൂപയുടെ ഉപകരണങ്ങളാണ് അപകടത്തിൽ നശിച്ചത്.
രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്. സൂരി, സംവിധായകൻ മതിമാരൻ പുകഴേന്തി എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നു. ചിത്രത്തിലെ ഒരു നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛായാഗാഹകർ നിന്നിരുന്ന ബോട്ട് മറിയുകയായിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം, വെള്ളത്തിൽ വീണ രണ്ട് ഛായാഗ്രാഹകരെ കൃത്യസമയത്ത് രക്ഷപ്പെടുത്താനായി. ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നതിനാൽ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ചിത്രീകരണ ഉപകരണങ്ങളും അണിയറപ്രവർത്തകരുമായി പോയ ബോട്ട് കടലിന്റെ നടുവിൽ വെച്ച് അപ്രതീക്ഷിതമായി മറിയുകയായിരുന്നു. മറൈൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
'റോക്കി' എന്ന ചിത്രത്തിനുശേഷം മതിമാരൻ പുഗഴേന്തി സംവിധാനംചെയ്യുന്ന ചിത്രമാണ് 'മണ്ടാടി'. തെലുങ്ക് താരം സുഹാസ് ആണ് വില്ലനായെത്തുന്നത്. മഹിമ നമ്പ്യാരാണ് നായിക. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സച്ചന നമിദാസ്, രവീന്ദ്ര വിജയ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും, പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനിരിക്കുന്ന 'മണ്ടാടി'യുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്.
Content Highlights: A boat carrying crew for Tamil film `Mandaadi` capsized off Ramanathapuram coast during a sea sequence shoot. Cinematographers rescued, equipment lost. Production delayed.
Published: 06 Oct 2025, 09:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented