ചെന്നൈ: 2018 മുതൽ 2022 വരെയുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻമാരിൽ മമ്മൂട്ടി ഇടംപിടിക്കാത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. 2018 ൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ നടക്കുന്നത്.

To advertise here,

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം. റോട്ടർഡാം ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു ഈ ചിത്രം. മികച്ച പ്രകടനങ്ങൾക്ക് കൂടാതെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനും പരിഗണിക്കാമായിരുന്ന ചിത്രത്തിന് ഒരു പുരസ്കാരം പോലും ഇല്ലാത്തതാണ് സിനിമാപ്രേമികളെ നിരാശപ്പെടുത്തിയത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനത്തിനെക്കുറിച്ച് പ്രശംസിക്കുന്നവരിൽ ഭൂരിഭാഗവുംതമിഴ്‌നാട്ടുകാരാണെന്നതും ശ്രദ്ധേയം. വ്യാഴാഴ്ചയാണ് 2018 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത്. മികച്ച നടികളായ ഏഴു പേരിൽ അഞ്ചുപേരും മലയാളികളാണ്. ഇതിന് പുറമേ മൂന്നു മലയാളികൾക്ക് കൂടി പുരസ്കാരം ലഭിച്ചിട്ടുണ്ട്.