2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പുരസ്‌കാര ജേതാക്കളിലെ മലയാളികളുടെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. കീർത്തി സുരേഷ്, നയൻതാര, മഞ്ജുവാര്യർ, അപർണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവർ മികച്ച നടിമാർക്കുള്ള പുരസ്‌കാരം നേടി. 2017-ലെ മികച്ച ഹാസ്യനടിക്കുള്ള പുരസ്‌കാരം ഉർവശിക്കാണ്. ഇതിന് പുറമേ അണിയറയിലും ഒരുപാട് മലയാളികൾക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സഹോദരന്റെ മകൾക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ശരത്.

To advertise here,

പുരസ്‌കാരങ്ങളിൽ ഒന്ന് തന്റെ കുടുംബത്തിലേക്കാണെന്ന മുഖവുരയോടെയാണ് സംഗീതസംവിധായകൻ സന്തോഷം പങ്കുവെച്ചത്. ശരത്തിന്റെ സഹോദരപുത്രി വർഷാ രഞ്ജിത്തിനാണ് 2020-ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം. 'തായ്‌നിലം' എന്ന ചിത്രത്തിലെ പാട്ടാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്.

'തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളായ എന്റെ അടുത്തസുഹൃത്തായ ബാലമുരളിയുടെ മകൾ അപർണ ബാലമുരളിക്കും നമ്മുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയും പ്രിയപ്പെട്ട മഞ്ജു വാര്യർക്കും ഉൾപ്പടെ ഒട്ടനവധി സിനിമാ പ്രവർത്തകർക്കാണ് ഇത്തവണ അവാർഡ് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അതിൽ ഒരു അവാർഡ് എന്റെ കുടുംബത്തിലേക്ക് ആണെന്നതിൽ ഇരട്ടി സന്തോഷം. അത് മറ്റാരുമല്ല എന്റെ സഹോദര പുത്രി വർഷാ രഞ്ജിത്ത് ആണ്. വളരെ കഴിവുള്ള ഒരു കുട്ടിയാണ് വർഷ. സംഗീതം പഠിക്കുകയും ഇതിനോടകം ഒട്ടനവധി ആൽബങ്ങളിലും സിനിമകളിലും പാടുകയും ചെയ്തു. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അവാർഡിന് അർഹരായ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ', എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അവാർഡ് നേട്ടത്തിൽ സംഗീതസംവിധായകൻ ഔസേപ്പച്ചനും മാതാപിതാക്കൾക്കും വർഷ നന്ദി അറിയിച്ചു. 2020-ൽ 14-ാം വയസ്സിൽ പാടിയ പാട്ടിനാണ് തനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ഗായിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.