പൈറസി തടയുക എന്നത് മാത്രമാണ് സിനിമയെയും അതിനുപിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗമെന്ന് നടി പറഞ്ഞു.

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രം ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി ചലച്ചിത്രമേഖല ഒന്നടങ്കം എത്തിയിരിക്കുകയാണ്. ഈ പ്രശ്നത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ നടി മമിത ബൈജു. ജനനായകന്റെ പ്രിന്റ് ചോർന്നതിൽ അവർ കടുത്ത നിരാശ പ്രകടിപ്പിച്ചു. പൈറസിയെ പിന്തുണയ്ക്കരുതെന്ന് മമിത ബൈജു ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മമിത ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പൈറസി തടയുക എന്നത് മാത്രമാണ് സിനിമയെയും അതിനുപിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗമെന്ന് നടി പറഞ്ഞു. ജനനായകൻ എന്ന ഹാഷ്ടാഗും മമിത കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
"പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്. ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ വലിയ സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്." മമിതയുടെ വാക്കുകൾ.
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ജനനായകന്റേതായി പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.
Content Highlights: Actress Mamitha Baiju expressed her deep disappointment over the illegal leak of Jananayagan footage, emphasizing that a film is the result of many people's hard work and urging audiences to watch it only on the big screen.
Published: 11 Apr 2026, 05:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented