കരിയറിന്റെ തുടക്കത്തിൽ സമാന അനുഭവം ഉണ്ടായപ്പോൾ താൻ അനുഭവിച്ച വേദന ഇന്നും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ജനനായകൻ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ പ്രിന്റ് പുറത്തായത് തന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ സമാന അനുഭവം ഉണ്ടായപ്പോൾ താൻ അനുഭവിച്ച വേദന ഇന്നും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ജനനായകൻ ചോർന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. കരിയറിൻ്റെ തുടക്കത്തിൽ ഇതുപോലൊന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും നഷ്ടബോധവും ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്. നിങ്ങളെ ലക്ഷ്യമിടുന്നു എന്ന് തോന്നും, പ്രത്യാശ നഷ്ടപ്പെട്ടതായി തോന്നും. ഇത് എന്റെ മാത്രം കാര്യമല്ല. സഹനടീനടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, എന്നിങ്ങനെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് തകരുന്നത്.
ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും വേണം. അല്ലാത്തപക്ഷം ഇത് ഒരു വ്യവസ്ഥാപിത പരാജയമായി കണക്കാക്കപ്പെടും. ആളുകൾക്ക് എത്രമാത്രം അസഹിഷ്ണുത കാണിക്കാനാകും എന്നും, യാതൊരു ചിന്തയുമില്ലാതെ ദ്രോഹിക്കാൻ ചിലർ എത്രത്തോളം പോകും എന്നും ഇത് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ചിത്രത്തിൻ്റെ മുഴുവൻ ടീമിനും എൻ്റെ ചിന്തകളും നിരുപാധികമായ പിന്തുണയും ഞാൻ അറിയിക്കുന്നു." വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ജനനായകന്റേതായി പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.
Content Highlights: Expressing his outrage over the Jananayagan leak, Vijay Deverakonda offered unconditional support to Thalapathy Vijay and the crew, recalling the personal pain he faced when his own films were leaked early in his career.
Published: 11 Apr 2026, 03:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented