കെഎസ്എഫ്ഡിസി ഫണ്ടിനെതിരായ പരാതിയിൽ ഒപ്പുവെച്ച ഡോൺ പാലത്തറ ഉൾപ്പെടെയുള്ളവരെ നേരത്തേ ഡോ. ബിജു രൂക്ഷമായി വിമർശിച്ചിരുന്നു

ഡോ. ബിജു, ഡോൺ പാലത്തറ | ചിത്രങ്ങൾ: മാതൃഭൂമി
വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും സിനിമാ നിര്‍മാണത്തിന് സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (കെഎസ്എഫ്ഡിസി) നല്കുന്ന ഫണ്ട് ഉപയോഗം വീണ്ടും ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന് ഡോണ്‍ പാലത്തറ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
വനിതകള്‍ക്കും പിന്നാക്കക്കാര്‍ക്കും കെഎസ്എഫ്ഡിസി ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ട പരാതിക്കെതിരെ സംവിധായിക ശ്രുതി ശരണ്യം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന് ചലച്ചിത്ര കോണ്‍ക്ലേവില്‍ പറഞ്ഞ വിവാദപരാമര്‍ശങ്ങളെ അനുകൂലിക്കുന്ന പരാതിയായിരുന്നു ഇത്. വിഷയം വലിയ ചര്‍ച്ചയായതോടെയാണ് പരാതിയില്‍ ഒപ്പുവെച്ചവരില്‍ ഒരാളായ ഡോണ്‍ പാലത്തറ പ്രതികരിച്ചത്.
സംവിധായകന് ഡോ. ബിജുവിനെ കെഎസ്എഫ്ഡിസിയുടെ തലപ്പത്ത് കൊണ്ടുവരണമെന്നും അദ്ദേഹത്തിന് അവിടുത്തെ എല്ലാ ക്രമക്കേടുകളും പരിഹരിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുമാണ് ഡോണ്‍ പാലത്തറ പോസ്റ്റില്‍ പറഞ്ഞത്. പരാതി ചര്‍ച്ചയായതോടെ അതില്‍ ഒപ്പുവെച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ഡോ. ബിജു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിനെ കെഎസ്എഫ്ഡിസിയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന ഡോണ്‍ പാലത്തറയുടെ പോസ്റ്റ്. നേരത്തേ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താന്‍ പരാതിയില്‍ ഒപ്പുവെച്ചതിന്റെ കാരണം ഡോണ്‍ പാലത്തറ വിശദീകരിച്ചിരുന്നു.
ഡോണ്‍ പാലത്തറയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പണ്ടൊരിക്കല്‍ KSFDC ക്ഷണിച്ചിട്ട് ഫണ്ടിന്റെ ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ മാര്‍ക്കിടാന്‍ പോയി. തിരഞ്ഞെടുപ്പ് സിനൊപ്സിസ് മാത്രം വായിച്ചിട്ടാണ്, ട്രീറ്റ്മെന്റ് പോലും ചോദിച്ചിട്ടില്ല. വിഷ്വല്‍ മീഡിയമായ സിനിമയെ എങ്ങനെ ആണ് കഥ മാത്രം വായിച്ചിട്ട് എന്തെങ്കിലും പറയാന്‍ പറ്റുക എന്നുള്ള ചോദ്യമൊക്കെ നേരിട്ട് അവരോട് ചോദിക്കുക.
അന്ന് മാര്‍ക്കിട്ട കഥകള്‍ ഒന്നുമല്ല പിന്നെ അടുത്ത റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. അത് ആരുടെ തീരുമാനം ആണെന്നോ ഇതിനിടയില്‍ എന്തൊക്കെ നടന്നു എന്നോ എനിക്കറിയില്ല. സെലക്ട് ചെയ്യപ്പെട്ട തിരക്കഥകള്‍ ആവട്ടെ, ഇതുവരെ പ്രൊഡക്ഷന്‍ തുടങ്ങിയിട്ടുമില്ല.
ഇത്തരം കാര്യങ്ങള്‍ നേരിട്ടറിയാവുന്നതുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞ മുതിര്‍ന്ന സംവിധായകനെ ആളുകള്‍ ആക്രമിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നത്. ഈ വിവാദങ്ങളുടെ പിന്നാലെ ഈ ഫണ്ട് സര്‍ക്കാര്‍ പൂട്ടിക്കെട്ടുമോ എന്നാണ് പലരും ഭയക്കുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ അങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.
Dr Biju സന്നദ്ധനാവുകയാണെങ്കില്‍ അദ്ദേഹത്തെ KSFDC യുടെ തലപ്പത്തു കൊണ്ടുവരണം. അവിടുത്തെ ക്രമക്കേടുകള്‍ക്ക് ഒരു പരിധി വരെ എങ്കിലു അദ്ദേഹം വഴി സോലൂഷന്‍ കണ്ടെത്താന്‍ ആവും എന്നാണ് പ്രതീക്ഷ. വ്യക്തിപരമായ അഭിപ്രായമാണ്. ഞാന്‍ ഒരു സംഘടനയെയും പ്രതിനിധീകരിക്കുന്നില്ല.
ഡോണ്‍ പാലത്തറയുടെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ്
കത്തും ഒപ്പും വീണ്ടും ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍ ചില കണ്‍ഫ്യൂഷന്‍സ് ഒഴിവാക്കാം. ഇക്കാര്യത്തില്‍ ഉള്ള എന്റെ അഭിപ്രായങ്ങള്‍ പരസ്യമായി ഇവിടെ കുറിക്കുന്നു.
1. സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ ചെയ്യാന്‍ ലഭിക്കുന്ന ഫണ്ടില്‍ 1.5 Cr മുഴുവനായി അവര്‍ക്ക് സിനിമ ചെയ്യാന്‍ ആയി കിട്ടുന്നില്ല എന്ന് ഈ പദ്ധതിയിലൂടെ സിനിമ ചെയ്ത പലരും പറഞ്ഞതാണ്. അതിന് പല ബ്യൂറോക്രറ്റിക് കാരണങ്ങളും ന്യായീകരണങ്ങളും കാണും. എന്നാല്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞ പ്രസംഗത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഒരാള്‍ക്ക് 1.5 കൊടുക്കുന്നതിനു പകരം 3 പേര്‍ക്ക് 50 ലക്ഷം വീതം കൊടുത്തൂടെ എന്നാണ്. ആ അന്‍പത് ലക്ഷവും ഇവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ സിനിമ ചെയ്യാന്‍ ലഭിക്കുമെങ്കില്‍ ആ തരത്തില്‍ ഉള്ള വീതംവെപ്പിന് ഞാന്‍ അനുകൂലമാണ്.
2. സംവിധായകരുടെ നിലവാരം കുറവാണ് എന്നതല്ല, മറിച്ച് ഏതൊരു ക്രാഫ്റ്റും പോലെ പരിശീലനമോ പ്രയത്നമോ ആവശ്യമുള്ള ഒന്നാണ് സിനിമാനിര്‍മ്മാണം എന്നുള്ളതുകൊണ്ട് അതില്‍ പരിശീലനം വേണ്ടവര്‍ക്ക് അത് കൊടുക്കാന്‍ കൂടെ ഒരു സംവിധാനം വേണം എന്നാണ് ശ്രീ അടൂരിന്റെ പ്രസംഗത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. അത് അങ്ങനെ അല്ല എങ്കില്‍, എനിക്ക് യോജിപ്പില്ല. പരിശീലനം ആര്‍ക്കും ആരിലും അടിച്ചേല്‍പ്പിക്കാന്‍ ആവില്ല. താത്പര്യം ഇല്ലാത്തവര്‍ക്ക് എടുക്കാതിരിക്കാന്‍ ഉള്ള ഓപ്ഷനും കൊടുക്കണം. ഇപ്പോള്‍ തന്നെ KSFDC യുടെ സിസ്റ്റത്തില്‍ ഒരു വര്‍ക്ക്ഷോപ്പ് വെച്ചിട്ടുണ്ട്. അതും ഒരുതരം പരിശീലനം തന്നെ ആണ്.
3. സിസ്റ്റത്തിന്റെ പ്രശ്നങ്ങള്‍ക്ക് ആളുകളെ സ്കേപ്പ് ഗോട്ട് ആക്കുന്ന പരിപാടി ആണ് അടൂരിനെതിരെ അന്നുണ്ടായ, ഇന്നും ഉണ്ടാകുന്ന വിവാദം എന്ന് ഞാന്‍ കരുതുന്നു. അത് എന്റെ അഭിപ്രായം ആണ്. അതില്‍ പ്രശ്നമുള്ളവര്‍ എന്തും പറഞ്ഞോളൂ, വിയോജിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.
4. സൈന്‍ ചെയ്ത് പോയ കത്തിലെ ചില കാര്യങ്ങളില്‍ എനിക്ക് വിയോജിപ്പുണ്ട്. അതില്‍ പല കാര്യങ്ങളും ഞാന്‍ സൈന്‍ ചെയ്യാന്‍ സമ്മതിച്ചതിന് ശേഷം കൂട്ടിച്ചേര്ത്തിട്ടുള്ളവ ആണ്. ഞാന്‍ സൈന്‍ ചെയ്യാന്‍ സമ്മതിച്ച കത്ത് താഴെ പോസ്റ്റ് ചെയ്യുന്നു.
5. ഈ വിഷയത്തില്‍ മറ്റൊരു കാര്യവും കൂട്ടി ചേര്‍ക്കാനോ പ്രൂവ് ചെയ്യാനോ സമയവും സൗകര്യവും ഉണ്ടാവില്ല. വായിച്ച ഏവര്‍ക്കും നന്ദി.
Published: 26 Sept 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented