അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത അനിമേറ്റഡ് പുരാണ ഇതിഹാസ ചിത്രം മഹാവതാര്‍ നരസിംഹ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറം ഇന്ത്യന്‍ ആനിമേഷന്‍ രംഗത്ത് പുതിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രം ഓസ്‌കാറിന് യോഗ്യത നേടിയിരിക്കുകയാണ്. അക്കാദമിയുടെ 98-ാമത് പുരസ്‌കാരത്തിന്റെ ഔദ്യോഗിക പട്ടിക പ്രകാരം, മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മഹാവതാര്‍ നരസിംഹ.

To advertise here,

35 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ആര്‍കോ, എലിയോ, സൂട്ടോപ്യ 2, ലിറ്റില്‍ അമീലീ ഓര്‍ദി കാരക്ടര്‍ ഓഫ് റെയിന്‍, ഇന്‍ യുവര്‍ ഡ്രീംസ്, ഡീമന്‍ സ്ലേയര്‍: കിമേറ്റ്‌സു നോ യായ്ബ ഇന്‍ഫിനിറ്റി കാസില്‍, ചെന്‍സോ മാന്‍ - ദി മൂവി: റെസ് ആര്‍ക് ഉപ്പെടെയുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഈ പട്ടികയില്‍ നിന്ന് മഹാവതാര്‍ നരസിംഹ അഞ്ച് നോമിനികളുടെ പട്ടികയില്‍ ഇടം പിടിക്കണം. അതിന് അക്കാദമി നിര്‍ദേശിക്കുന്ന എല്ലാ യോഗ്യതകളും ചട്ടങ്ങളും ചിത്രങ്ങള്‍ പാലിക്കണം.

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ സമര്‍പ്പിക്കുന്ന സിനിമകള്‍ക്ക് മികച്ച ചിത്രം ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ അക്കാദമി അവാര്‍ഡുകള്‍ക്കും യോഗ്യത ലഭിച്ചേക്കാം. ഓരോ രാജ്യങ്ങളും ഔദ്യോഗികമായി തെരഞ്ഞെടുത്ത് അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ആനിമേറ്റഡ് ഫീച്ചറുകള്‍ക്കും ഈ വിഭാഗത്തില്‍ യോഗ്യതയുണ്ട്.

ആഗോള ബോക്‌സോഫീസില്‍ 300 കോടിയിലേറെ രൂപയാണ് മഹാവതാര്‍ നരസിംഹ നേടിയത്. പ്രഹ്ലാദന്റെ കഥയും നരസിംഹാവതാരത്തിന്റെ ഉദയവുമാണ് ചിത്രം പറയുന്നത്. ക്ലീം പ്രൊഡക്ഷന്‍സും ഹോംബാലെ ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ഭഗവാന്‍ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ്.