ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' മലയാളത്തിൽ നിരവധി ബോക്സോഫീസ് റെക്കോഡുകൾ സ്വന്തമാക്കിയിരുന്നു. 2018-ന്റെ വിജയത്തിന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ജൂഡിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്.

To advertise here,

ലെെക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. തമിഴിലെ മുൻനിര പ്രൊഡക്ഷൻ ഹൗസും ജൂഡ് ആന്തണിയും ഒത്തുള്ള ചിത്രത്തിന്മേലുള്ള പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വരുന്നുണ്ട്. നിവിൻ പോളിയുമൊത്തുള്ള ചിത്രമുണ്ടാകുമെന്ന് നേരത്തെ ജൂഡ് അറിയിച്ചിരുന്നതാണ്. ആ ചിത്രമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂഡ് ചിത്രത്തിൽ വിജയ് സേതുപതിയും ഭാ​ഗമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരായിരുന്നു 2018-ലെ പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ.