സംവിധായകൻ നെൽസൺ ആദ്യം ഒരു തെലുങ്ക് ചിത്രത്തിൽ പ്രവർത്തിക്കാൻ കരാറിലായിരുന്നുവെന്നും എന്നാൽ 'ജയിലർ 2' ചെയ്യാൻവേണ്ടി ആ പദ്ധതി നീട്ടിവെച്ചതായും സൂപ്പർസ്റ്റാർ വെളിപ്പെടുത്തി.

സിനിമകളുടെ രണ്ടാം ഭാഗങ്ങൾ (സീക്വലുകൾ) ചെയ്യുന്നതിനോട് തനിക്ക് വലിയ താല്പര്യമില്ലെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ജയിലർ 2 എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച 'ജയിലർ 2 സൂപ്പർ ഷോ' എന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ മുൻപ് ബാഷ, പേട്ട എന്നീ സിനിമകളുടെ രണ്ടാം ഭാഗങ്ങൾ നിരസിച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. ഒന്നാം ഭാഗത്തിൽ ചെയ്ത കാര്യങ്ങളിൽ അല്പം മാറ്റങ്ങൾ വരുത്തി സീക്വലുകൾ നിർമിക്കുന്ന നിലവിലെ രീതിയോട് തനിക്ക് യോജിപ്പില്ലെന്നാണ് താരം ഇതിന് കാരണമായി പറഞ്ഞത്.
സംവിധായകൻ കാർത്തിക് സുബ്ബരാജ് 'പേട്ട'യിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെ വിപുലീകരിച്ചുകൊണ്ട് 'പേട്ട 2' ചെയ്യാനായി തന്നെ സമീപിച്ചിരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു. കൂടാതെ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ബാഷ'യുടെ രണ്ടാം ഭാഗത്തിനായും ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സീക്വലുകളോടുള്ള വിമുഖത കാരണം ഈ രണ്ട് പ്രൊജക്റ്റുകളും താൻ വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജയിലർ 2 ചെയ്യാൻ പ്രത്യേക കാരണമുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
"ജയിലർ ഒടിടിയിൽ റിലീസ് ചെയ്തതിനുശേഷം ഞാൻ ചിത്രം വീണ്ടും കണ്ടു. ഒടുവിൽ വർമൻ എന്ന കഥാപാത്രത്തെ മുത്തുവേൽ പാണ്ഡ്യൻ അവസാനിപ്പിക്കാൻ പോകുമ്പോൾ, ഇതിലും വലിയൊരു ശൃംഖലയുണ്ടെന്നും അവർ തന്നെ വെറുതെ വിടില്ലെന്നും വർമൻ പറയുന്നുണ്ട്. അതുകൊണ്ട്, ആ കഥ ഒരു രണ്ടാം ഭാഗത്തിന് തികച്ചും അനുയോജ്യമായിരുന്നു" - രജനീകാന്തിന്റെ വാക്കുകൾ. സംവിധായകൻ നെൽസൺ ആദ്യം ഒരു തെലുങ്ക് ചിത്രത്തിൽ പ്രവർത്തിക്കാൻ കരാറിലായിരുന്നുവെന്നും എന്നാൽ 'ജയിലർ 2' ചെയ്യാൻവേണ്ടി ആ പദ്ധതി നീട്ടിവെച്ചതായും സൂപ്പർസ്റ്റാർ വെളിപ്പെടുത്തി.
'ടൈഗർ' മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനീകാന്ത് തിരികെയെത്തുന്ന ചിത്രമാണിത്. വിരമിച്ച ജയിലറായ മുത്തുവേൽ പാണ്ഡ്യന്റെ സമാധാനപരമായ ജീവിതത്തിലേക്ക് തന്റെ കുടുംബത്തിനും പാരമ്പര്യത്തിനും ഭീഷണിയാകുന്ന പുതിയ വില്ലൻ സംഘം കടന്നുവരുന്നതും, തുടർന്ന് ഒരു ഡ്രൈവറുടെ വേഷത്തിൽ ആ ക്രിമിനൽ സംഘത്തിലേക്ക് നായകൻ നുഴഞ്ഞുകയറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ മാസം 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൺ പിക്ചേഴ്സാണ് നിർമാണം.
Content Highlights: Superstar Rajinikanth revealed that he turned down sequel proposals for blockbusters Baasha and Petta due to his reluctance toward repetitive story lines, but agreed to Jailer 2 because the ending of the first film organically set up a much larger narrative network.
Published: 10 Oct 2026, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented