ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത മാർച്ചിലും പ്രതിപക്ഷ പ്രതിഷേധത്തിനുമിടയിൽ പോലീസ് 7,000-ത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളിൽ വെച്ചും, ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുൻ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, മമതാ ബാനർജി, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും നിരവധി സാമൂഹിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരുടെ ഒഴുക്കുതടയുന്നതിനായി സെൻട്രൽ ഡൽഹിയിൽ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുകയും ബാരിക്കേഡുകൾ ഉയർത്തുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ നഗരത്തിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചില പ്രദേശങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ഈ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും മണിക്കൂറുകളോളം സഞ്ചരിച്ചും കിലോമീറ്ററുകളോളം നടന്നുമെത്തി നിരവധിപേർ പ്രതിഷേധത്തിൽ പങ്കാളികളായി.
പ്രതിഷേധത്തിനിടെ തടങ്കലിലായ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയെ ജയിൽ വാനിൽ കയറ്റി രണ്ടു മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചതായി അവർ ആരോപിച്ചു. രാജ്യത്ത് 'സൂപ്പർ എമർജൻസി' അവസ്ഥയാണെന്ന് അവർ കുറ്റപ്പെടുത്തി. എൻ.ഡി.എ സർക്കാർ ഡൽഹിയെ ഒരു 'തുറന്ന ജയിൽ' ആക്കി മാറ്റിയെന്നും അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അടിച്ചമർത്തലാണ് നടത്തുന്നതെന്നും കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഡൽഹിയിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന അടിച്ചമർത്തലിനെതിരെ ഭരണഘടനാ സംരക്ഷണ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയം മൂലമാണ് ഇത്തരം ഏകാധിപത്യ നടപടികൾ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വിമർശിച്ചു. സ്വന്തം വീടിന് പുറത്തുനിന്നുമാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. അടിയന്തരാവസ്ഥയേക്കാൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടത്തിയാണ് ബി.ജെ.പി ജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മോദിയും അമിത് ഷായും ഭീരുത്വമാണ് കാണിക്കുന്നതെന്നും, പതിനായിരക്കണക്കിന് പോലീസിനെ ഉപയോഗിച്ച് നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്താലും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്നും പിന്മാറില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ മൗലികാവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും തടഞ്ഞുകൊണ്ട് നഗരം ഉപരോധിച്ച കേന്ദ്ര നടപടിയെ പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയെ കേന്ദ്ര സർക്കാർ വായടപ്പിച്ച ജനാധിപത്യമാക്കി മാറ്റിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ശശി തരൂർ, അശോക് ഗെഹ്‌ലോട്ട് എന്നിവരും കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്തു.
ജനങ്ങളുടെ വോട്ടവകാശവും തിരഞ്ഞെടുപ്പ് സുതാര്യതയും സംരക്ഷിക്കുന്നതിനായി ഒക്ടോബർ 12 തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രാജ്യതലസ്ഥാനത്ത് സുരക്ഷ കടുപ്പിക്കുകയും പ്രധാന നേതാക്കളെയെല്ലാം തടങ്കലിലാക്കുകയും ചെയ്തതോടെ ഡൽഹിയിൽ കടുത്ത രാഷ്ട്രീയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും കസ്റ്റഡി നടപടികളെയും സുരക്ഷാ നിയന്ത്രണങ്ങളെയും ന്യായീകരിച്ച് ബി.ജെ.പി. രംഗത്തെത്തി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ കല്ലേറിലും സംഘർഷത്തിലും ആറ് ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇംതിയാസ് അലി മാർഗിൽ വെച്ച് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതായും പോലീസ് ആരോപിച്ചു
Published: 10 Oct 2026, 08:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented