മികച്ച അഭിനേത്രിയെന്നു പേരെടുത്ത ലിജോമോൾ ഇപ്പോൾ മലയാളത്തിൽ സജീവമാണ്. സമീപകാലത്ത് കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ലിജോമോൾക്ക് കഴിഞ്ഞു. ‘പൊന്മാനി’ലെ സ്റ്റെഫി, ‘നടന്ന സംഭവ’ത്തിലെ ധന്യ, ‘സംശയ’ത്തിലെ വിമല തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ ലിജോമോളുടെ മികവ് പ്രകടമാക്കുന്നു. ലിജോമോളുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് ‘ഉന്മാദ’ത്തിലെ സൗമ്യ. ഒരു പോലീസ് സ്റ്റേഷനിലെ അന്ധവിശ്വാസത്തെയും നിഗൂഢമായൊരു ഫയലിനെയും ചുറ്റിപ്പറ്റിയൊരുക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഉന്മാദം. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രം ഉടൻ പ്രദർശനത്തിനെത്തും. കുഞ്ചാക്കോ ബോബനും ലിജോമോളും പ്രധാന കഥാപാത്രങ്ങളാവുന്നു, ഇരുവരുമൊന്നിക്കുന്ന ആദ്യചിത്രമാണിത്. കിരൺ ദാസാണ് സംവിധായകൻ. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാമത്തെ നിർമാണ സംരംഭമാണിത്. വ്യത്യസ്തമായൊരു പോലീസ് കഥയാണിതെന്നും സിനിമ കണ്ടിറങ്ങുമ്പോൾ നല്ല സിനിമ കണ്ടതിന്റെ സംതൃപ്തിയുറപ്പാണെന്നും ലിജോമോൾ പറയുന്നു. ലിജോമോൾ വിശേഷങ്ങൾ പങ്കുവെക്കുന്നു.

To advertise here,

ഉന്മാദത്തെക്കുറിച്ച്

ഷാഹിക്കയുടെ ഇതുവരെ വന്നിട്ടുള്ള പോലീസ് കഥകളിൽനിന്നെല്ലാം തികച്ചും വിഭിന്നമാണ് ഉന്മാദം. ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യയായ സൗമ്യയെന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കുടുംബത്തിൽ ഇത്തിരി ഡോമിനന്റ് ആയി നിൽക്കുന്നയാളാണ് സൗമ്യ.

ഷാഹിക്കയ്ക്ക് എങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ പോലീസ് കഥകൾ കൊണ്ടുവരാൻ പറ്റുന്നതെന്നാണ് ഞാനാദ്യം ചിന്തിച്ചത്. പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്ത ആളാണ് അദ്ദേഹം. ഓരോ കഥയും അതിലെ കഥാപാത്രങ്ങളും വ്യത്യസ്തമാവണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന പോലീസ് ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ട്, അതിൽനിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഇപ്പോഴത്തേത്.

ഈ സിനിമയിലേക്ക് ആകർഷിച്ച മറ്റുകാര്യങ്ങൾ

കഥ, ഷാഹി കബീർ എന്ന എഴുത്തുകാരൻ, കിരൺ ദാസ് എന്ന സംവിധായകൻ, ചാക്കോച്ചൻ, പനോരമ സ്റ്റുഡിയോസ്, എഡിറ്ററായി എല്ലാവർക്കും സുപരിചിതനായിട്ടുള്ള ആളാണ് കിരൺ ദാസ്. മൊത്തത്തിൽ നോക്കുമ്പോൾ നല്ലൊരു ടീമാണ്. അഭിനേതാവെന്നനിലയിൽ എനിക്കുമൊരു വിസിബിലിറ്റി കിട്ടുന്ന ചിത്രം.

വെല്ലുവിളിയായിരുന്നോ കഥാപാത്രം

അങ്ങനെയില്ല. പിന്നെ ഏതു സിനിമയായാലും ആദ്യത്തെ കുറച്ചുദിവസം സെറ്റിൽ എനിക്ക് ടെൻഷനാണ്. സെറ്റും വർക്കും പാറ്റേണും ആളുകളും മാറിക്കൊണ്ടിരിക്കുമെന്നതാണ് സിനിമയുടെ രീതി. ആദ്യത്തെ ഒരാഴ്ച എനിക്കെപ്പോഴും ബുദ്ധിമുട്ടാണ്, ടീമുമായി പൊരുത്തപ്പെടാനെടുക്കുന്ന സമയമേ വെല്ലുവിളിയായിട്ടുള്ളൂ.

ഈ സിനിമ നൽകിയ പാഠം

എത്ര ബുദ്ധിമുട്ടായാലും ചില സാഹചര്യങ്ങളിൽ കുറച്ചുകൂടെ മൃദുവായും ദയയോടെയും ആളുകളോട് പെരുമാറണമെന്നൊരു തിരിച്ചറിവ് വന്നിട്ടുണ്ട്. സൗമ്യയെന്ന കഥാപാത്രം എനിക്കൊപ്പമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല.

കുഞ്ചാക്കോ ബോബനടക്കമുള്ള സഹതാരങ്ങൾക്കൊപ്പമുള്ള അനുഭവം?

ആദ്യമായി ഒപ്പം അഭിനയിക്കുകയാണെന്ന അപരിചിതത്വവും ടെൻഷനുമൊന്നും ചാക്കോച്ചന്റെ കൂടെയുണ്ടായിരുന്നില്ല. വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. സെറ്റിലെ എല്ലാവരുമായും സൗഹൃദം കാട്ടുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. നമ്മളെല്ലാവരും ചാക്കോച്ചനെ കണ്ടുവളർന്നവരാണ്, കാഴ്ചയിലാണെങ്കിലും ഊർജത്തിലായാലും ചാക്കോച്ചന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

കിരൺ ദാസിനെക്കുറിച്ച്

വളരെ ക്ലാരിറ്റിയുള്ള സംവിധായകൻ. എഡിറ്റിങ്ങിൽ വർഷങ്ങളുടെ പരിചയമുള്ളതുകൊണ്ട് ഒരു സീൻ പ്ലാൻ ചെയ്യുമ്പോൾത്തന്നെ അതിൽ എത്ര ഷോട്ടുകൾ വേണമെന്നതിലടക്കം കൃത്യതയുണ്ടായിരുന്നു. സീനെടുക്കുമ്പോൾ എങ്ങനെ വരുമെന്ന് നന്നായി അറിയാവുന്നതുകൊണ്ട് അഭിനേതാക്കൾക്കും എളുപ്പമാണ്.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കെത്താൻ കഴിയുന്നതെങ്ങനെ

കഥയും കഥാപാത്രങ്ങളും എങ്ങനെയെന്ന് ശ്രദ്ധിച്ച് ഉറപ്പുവരുത്തിയിട്ടേ ഞാൻ തിരഞ്ഞെടുക്കാറുള്ളൂ. എന്തെങ്കിലും ചെയ്യാൻ കഴിയണം. ബാക്കിയെല്ലാം രണ്ടാമതേ വരുന്നുള്ളൂ, ഇമോഷണൽ വെയ്റ്റേജുള്ള കഥാപാത്രങ്ങളാണ് എന്റെയടുത്തേക്ക് എത്താറുള്ളതെന്ന് എനിക്കു തോന്നുന്നു. അതിലൊരു മാറ്റം ഉണ്ടായിക്കാണണമെന്ന് ആഗ്രഹമുണ്ട്. പലപ്പോഴും ഞാനത് പറഞ്ഞിട്ടുമുണ്ട്. നല്ല ചിരിക്കുന്ന, സന്തോഷമുള്ള, ടെൻഷനൊന്നുമില്ലാതെ ചെയ്യാനും ആളുകൾക്ക് നന്നായി ആസ്വദിക്കാനും പറ്റുന്ന സിനിമയുടെ ഭാഗമാവണം, അങ്ങനെയുള്ള ഒരു കാരക്ടർ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു.

ക്യാമറയ്ക്കപ്പുറം ആരാണ് ലിജോമോൾ

സ്വകാര്യജീവിതവും സ്വന്തമായ ഇടവും ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാൻ താത്പര്യപ്പെടുന്നയാൾ, ലൗഡ് ആയി ജീവിക്കാൻ ആഗ്രഹമേയില്ല. എന്റെ സുഹൃത്തുക്കൾക്കും അതൊക്കെത്തന്നെയേ എന്നെപ്പറ്റി പറയാനുണ്ടാവൂ എന്നാണ് വിശ്വാസം.

ലിജോമോളെപ്പറ്റി ആളുകൾക്കുണ്ടാവാനിടയുള്ള തെറ്റിദ്ധാരണ എന്തായിരിക്കും

ഞാൻ കുറച്ച് സീരിയസായ, ജാടയുള്ളയാളാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാമെന്നുതോന്നുന്നു. ആളുകളുടെയടുത്ത് സ്വതന്ത്രമായി, സ്വസ്ഥമായി സംസാരിച്ചുവരാൻ കുറച്ചു സമയമെടുക്കും. പുതിയതായി പരിചയപ്പെട്ട് സംസാരിച്ചുവരുന്ന ഒരാൾക്ക് ഞാനത്ര ഇടപഴകാൻ പറ്റുന്നയാളായി തോന്നണമെന്നില്ല. ഒരുകണക്കിന് അതൊരു തെറ്റിദ്ധാരണയാണെന്നും പറയാനാവില്ല.

അഭിനയജീവിതത്തിലെ ഒരു ദിവസം വീണ്ടും ജീവിക്കാൻ അവസരം കിട്ടിയാൽ

മഹേഷിന്റെ പ്രതികാരത്തിലെ എന്റെ ആദ്യദിനങ്ങളായിരിക്കും. അന്നത്‌ എനിക്ക് നന്നായി ആസ്വദിക്കാനോ മനസ്സിലാക്കാനോ പറ്റിയിട്ടുണ്ടോയെന്ന് സംശയമാണ്. സെറ്റിൽ അവരുടെയൊക്കെ കൂടെയുണ്ടായിരുന്ന ആദ്യത്തെ ആ സിനിമാ അനുഭവം എനിക്കൊന്നുകൂടി ജീവിച്ചാൽ കൊള്ളാം.

ആരാധകരിൽനിന്നുണ്ടായ നല്ല അനുഭവം

ജയ് ഭീം സിനിമ ഇറങ്ങിയശേഷമാണത്, ചെന്നൈയിൽ ഒരു കഫേയിൽ കോഫി കുടിക്കുകയായിരുന്നു. ഒരു പെൺകുട്ടി അടുത്തുവന്ന് ജയ് ഭീമിൽ അഭിനയിച്ച ആളല്ലേയെന്ന് ചോദിച്ചു. അതേയെന്നു പറഞ്ഞപ്പോൾ ഒന്ന് കെട്ടിപ്പിടിച്ചോട്ടേയെന്ന് സമ്മതം ചോദിച്ചു. ഞാൻ അനുവദിച്ചപ്പോൾ, ഒരു മിനിറ്റോളം ആ കുട്ടിയെന്നെ കെട്ടിപ്പിടിച്ചു. എനിക്കത് കൗതുകവും അതേസമയം, വിചിത്രവുമായിത്തോന്നി. നന്ദിയും പറഞ്ഞ് ആ കുട്ടി പോയി. അതെന്റെ മനസ്സിൽ ഇന്നുമുണ്ട്. എന്നുമുണ്ടാവും.