ഹൗസ്ഫുൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ ദീപിക പദുകോണിന്റെ അർപ്പണബോധത്തെക്കുറിച്ച് ഓർമിച്ച് നടി ലാറാ ദത്ത. ചിത്രത്തിന്റെ ഇറ്റലിയിലെ ഷെഡ്യൂളിനിടെ ദീപിക പദുകോണിന് മലേറിയ ബാധിച്ചിരുന്നുവെന്ന് ലാറാ ദത്ത പറഞ്ഞു. എന്നാൽ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും താരം ചിത്രീകരണം തുടർന്നുവെന്നും ലാറ പറഞ്ഞു. സാജിദ് ഖാൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങി 16 വർഷം തികയുന്ന അവസരത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

ഇറ്റലിയിലെ ചിത്രീകരണം ഒരു കുടുംബ അവധി പോലെയായിരുന്നുവെന്ന് ലാറാ ദത്ത എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. മുഴുവൻ അഭിനേതാക്കളും ഷെഡ്യൂളിനിടയിൽ ഒരുമിച്ച് താമസിച്ചു. ചിത്രീകരണം സമ്മർദ്ദമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കിയതിന് നിർമ്മാതാവ് സാജിദ് നാദിയാദ്‌വാലയെ അവർ അഭിനന്ദിച്ചു. ഷൂട്ടിനിടെ ദീപിക പദുക്കോണിന് മലേറിയ ബാധിച്ച കാര്യം പലർക്കും അറിയില്ലായിരുന്നു. അന്ന് നടി പൂർണ്ണമായും തളർന്നുപോവുകയും ചിത്രീകരണം തുടരുന്നതിനിടയിൽ വൈദ്യസഹായം ആവശ്യമായിവരികയും ചെയ്തുവെന്നും ലാറാ ദത്ത ഓർത്തെടുത്തു.

"പിന്നീട് അടുത്ത ദിവസം രാവിലെ, ഞങ്ങൾക്ക് ഈ നിശ്ചിത ഷെഡ്യൂൾ ഉണ്ടായിരുന്നു, കാരണം പല അഭിനേതാക്കളും ഉണ്ടായിരുന്നു, ആ സമയത്ത് ഞങ്ങൾ വളരെയധികം വൈകാരികമായ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. അതിനാൽ അവൾ സെറ്റിൽ വരും, അവൾ പൂർണ്ണമായും തളർന്നുപോയി എന്ന് നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷേ അവൾ ഒരു മികച്ച പ്രൊഫഷണലായിരുന്നു. അവൾ അവളുടെ ജോലി ചെയ്തു. അവളുടെ പ്രകടനത്തിൽ യാതൊരു കുറവും ഉണ്ടായിരുന്നില്ല," അവർ പറഞ്ഞു.

കഠിനമായ പനിയും തളർച്ചയും കാരണം ദീപിക പൂർണമായും അവശയായിരുന്നിട്ടും സെറ്റിലെത്തി തന്റെ രംഗങ്ങൾ പൂർത്തിയാക്കാൻ തയ്യാറായെന്ന് ലാറ ഓർത്തെടുത്തു. മലേറിയ പോലെയുള്ള ഒരു രോഗം ഒരാളെ ശാരീരികമായി എത്രത്തോളം തളർത്തുമെന്ന് തനിക്കറിയാമെന്നും, കേവലം ഒരു പനിയോ ജലദോഷമോ പോലെയല്ല അതെന്നും ലാറ കൂട്ടിച്ചേർത്തു.

ദീപിക അവളുടെ ജോലിയെക്കുറിച്ച് വളരെ ശ്രദ്ധാലുവും വ്യക്തതയുള്ളവളുമാണെന്ന് ലാറ പറഞ്ഞു. അഭിനേതാക്കൾ അവരുടെ വേഷങ്ങൾ മനസ്സിലാക്കുകയും അവരുടെ കഴിവ് ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യുമ്പോൾ യഥാർത്ഥ മാന്ത്രികത സംഭവിക്കുമെന്നും ലാറാ ദത്ത കൂട്ടിച്ചേർത്തു.

സാജിദ് ഖാൻ സംവിധാനം ചെയ്ത ഹൗസ്‌ഫുൾ എന്ന ചിത്രത്തിൽ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ദീപിക പദുകോൺ, ലാറാ ദത്ത, ബോമൻ ഇറാനി, അർജുൻ രാംപാൽ, ലില്ലറ്റ് ദുബേ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ബോക്സ് ഓഫീസ് വിജയമായ ചിത്രം ബോളിവുഡിന്റെ ഏറ്റവും പ്രചാരമുള്ള കോമഡി ഫ്രാഞ്ചൈസികളിൽ ഒന്നായി മാറി.