ബോളിവുഡ് നടി കൃതി സനോണും കുടുംബവും മുംബൈ അന്ധേരി വെസ്റ്റിലുള്ള തങ്ങളുടെ നാല് അപ്പാർട്ട്‌മെന്റുകൾ വിറ്റൊഴിഞ്ഞു. 8.9 കോടി രൂപയ്ക്കാണ് ഇടപാട്. സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്രയാണ് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയിരിക്കുന്നത്.

To advertise here,

കൃതി സനോൺ, സഹോദരി നൂപുർ സനോൺ, അമ്മ ഗീത സനോൺ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫ്‌ലാറ്റുകൾ. 2013-നും 2017-നും ഇടയിൽ 4.31 കോടിയോളം രൂപയ്ക്കാണ് കുടുംബം നാല് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയത്. ഇപ്പോൾ 8.9 കോടി രൂപയ്ക്ക് ഇവ വിറ്റഴിച്ചതോടെ, ഒൻപതു മുതൽ പതിമൂന്ന് വരെ വർഷങ്ങൾക്കിടയിൽ ഏകദേശം 4.6 കോടി രൂപയുടെ ലാഭമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 107 ശതമാനം മൂലധന നേട്ടം.

പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം നാല് ഇടപാടുകളായാണ് വിൽപ്പന നടന്നിരിക്കുന്നത്. ഏപ്രിൽ 24-നാണ് ഇവയെല്ലാം രജിസ്റ്റർ ചെയ്തത്. അന്ധേരി വെസ്റ്റിലെ 'രഹേജ ക്ലാസിക്' കെട്ടിട സമുച്ചയത്തിലെ രണ്ട് വലിയ അപ്പാർട്ട്‌മെന്റുകൾ 3.23 കോടി രൂപയ്ക്കുവീതമാണ് വിറ്റത്. 654.23 ചതുരശ്ര അടി വിസ്തീർണമുള്ള ഈ രണ്ട് യൂണിറ്റുകൾക്കും ഓരോ കാർ പാർക്കിങ് സൗകര്യവുമുണ്ട്. രണ്ട് ഇടപാടുകൾക്കുമായി 19.41 ലക്ഷം രൂപ വീതം സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ വീതം രജിസ്‌ട്രേഷൻ ചാർജും ഈടാക്കിയിട്ടുണ്ട്.

ഇതേ കെട്ടിടത്തിലെ ബാക്കി രണ്ട് അപ്പാർട്ട്‌മെന്റുകൾ 1.21 കോടി രൂപ വീതമുള്ള തുകയ്ക്കാണ് വിറ്റത്. 246.06 ചതുരശ്ര അടി വിസ്തീർണമുള്ള ഈ യൂണിറ്റുകൾക്ക് 7.29 ലക്ഷം രൂപ വീതം സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ വീതം രജിസ്‌ട്രേഷൻ ചാർജും നൽകി.

2013 ജൂലൈയിൽ ഗീത സനോൺ 1.40 കോടി രൂപയ്ക്കാണ് വലിയ രണ്ട് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയത്. തുടർന്ന് 2017 ജൂണിൽ കൃതി സനോണും നൂപുർ സനോണും ചേർന്ന് മറ്റ് രണ്ട് യൂണിറ്റുകൾ 2.90 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതോടെയാണ് കുടുംബത്തിന്റെ ആകെ നിക്ഷേപ തുക 4.31 കോടി രൂപയായത്.

പ്രീമിയം ഹൗസിങ് സൗകര്യങ്ങളും മികച്ച സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും കണക്റ്റിവിറ്റിയും ഉള്ളതിനാൽ മുംബൈയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റെസിഡൻഷ്യൽ- കൊമേഴ്‌സ്യൽ മൈക്രോ മാർക്കറ്റുകളിൽ ഒന്നാണ് അന്ധേരി വെസ്റ്റ്. വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ, ലിങ്ക് റോഡ്, ലോക്കൽ റെയിൽവേ ശൃംഖല, മുംബൈ മെട്രോ എന്നിവയുമായി പ്രദേശം ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണെന്ന പ്രത്യേകതയുമുണ്ട്.