കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിപ്പാർട്ടിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗാമാർട്ടിനുമെതിരേ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.

To advertise here,

ആവശ്യമെങ്കിൽ മാത്രമേ ഇനി ഇവരെ ചോദ്യംചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗയും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മിഷണർ പറഞ്ഞു. ഒരു ടെലിവിഷൻ സീരിയൽ താരം ആ സമയത്ത് ഹോട്ടലിലുണ്ടായിരുന്നുവെങ്കിലും പാർട്ടിയിൽ പങ്കെടുക്കാനെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ലഹരിപ്പാർട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഫൊറൻസിക് പരിശോധനാഫലം കിട്ടിയാലേ പറയാനാകു.

ഇരുപതിലധികംപേർ ഓംപ്രകാശിന്റെ ഹോട്ടൽമുറിയിലെത്തിയിരുന്നു. ഇവരിൽ 12 പേരെ ചോദ്യംചെയ്തു. ബാക്കിയുള്ളവരെയും ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ കിട്ടൂ. ശ്രീനാഥ് ഭാസിയും പാർട്ടിയിൽ പങ്കെടുത്ത ഇടപ്പള്ളി സ്വദേശി ബിനു ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതായും കമ്മിഷണർ പറഞ്ഞു.

മരട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശും കൂട്ടാളി ഷിഹാസും ലഹരിപ്പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. ഹോട്ടലിൽ വെച്ച് ഇവരെ സന്ദർശിച്ചു എന്നതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗയെയും പോലീസ് ചോദ്യം ചെയ്തത്.

കേസിൽ, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്.