വിദേശഭാഷാ ചിത്രങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ ഒരു ഇന്ത്യൻ സിനിമ വിദേശഭാഷയിലേക്ക് റീമേക്ക് ചെയ്താലോ? അത് ചെയ്യുന്നത് ലോകപ്രശസ്തനായ ഒരു സംവിധായകനാണെങ്കിലോ? നിഖിൽ നാ​ഗേഷ് ഭട്ട് സംവിധാനംചെയ്ത കിൽ എന്ന ചിത്രത്തിനാണ് അങ്ങനെയൊരു ഭാ​ഗ്യം ലഭിച്ചിരിക്കുന്നത്.

To advertise here,

കിൽ എന്ന ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ സന്നദ്ധനായിരിക്കുകയാണ് 'ജോൺ വിക്ക്' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി. കീനു റീവ്സ് നായകനായ ഈ ചലച്ചിത്രപരമ്പരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെൽസ്കി. ഈ മാസം നാലിന് അമേരിക്കയിലും അഞ്ചിന് ഇന്ത്യയിലും റിലീസ് ചെയ്യുന്ന കിൽ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.

അടുത്തകാലത്ത് താൻ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷൻ സിനിമകളിലൊന്നാണ് കിൽ എന്ന് ഛാഡ് സ്റ്റാഹെൽസ്കി പറഞ്ഞു. പ്രേക്ഷകർ കണ്ടിരിക്കേണ്ട സംഘട്ടനരം​ഗങ്ങളാണ് സംവിധായകൻ നിഖിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് ഭാഷാ പതിപ്പ് വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കിൽ റീമേക്ക് ചെയ്യുന്ന കാര്യം ലയൺസ്​ഗേറ്റ് മോഷൻ പിക്ചേഴ്സ് സ്റ്റുഡിയോ ​ഗ്രൂപ്പ് ചെയർ ആദം ഫോ​ഗേൾസണും സ്ഥിരീകരിച്ചു. കരൺ ജോഹർ, അപൂർവ മേത്ത എന്നിവരുടെ ധർമാ പ്രൊഡക്ഷൻസ്, ​ഗുണീത് മോം​ഗ, അചിൻ ജെയിൻ എന്നിവരുടെ സിഖ്യ എന്റർടെയിൻമെന്റ് എന്നിവരാണ് കിൽ നിർമിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനുമുൻപുവന്ന ഈ പ്രഖ്യാപനം തങ്ങൾക്ക് ഒരു ബഹുമതിയാണെന്ന് കിൽ നിർമാതാക്കളും പ്രതികരിച്ചു.

ടൊറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. മാർഷ്യൽ ആർട്സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.