കുടുംബസമേതം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടിയും തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റുമായ ഖുശ്ബു സുന്ദർ. മകൾ അവന്തികയുടെ വിവാഹത്തിന് ക്ഷണിക്കാനായാണ് ഖുശ്ബു പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ എത്തിയത്. ഖുശ്ബുവും ഭർത്താവും സംവിധായകൻ കൂടിയായ സുന്ദർ സിയും ചേർന്ന് പ്രധാനമന്ത്രിക്ക് വിവാഹക്ഷണക്കത്ത് കൈമാറി.

To advertise here,

പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഖുശ്ബു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. 'പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ഡൽഹിയിലെത്തി കണ്ടു. ഭർത്താവ് സുന്ദർ സിയും ഞാനും, ശ്രാവൺ ശ്രീനിവാസനുമായുള്ള മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് കൈമാറി. പ്രധാനമന്ത്രി ഭാവി ദമ്പതികളെ അനുഗ്രഹിച്ചു. തിരക്കിനിടയിൽ സമയം മാറ്റിവെച്ചതിൽ നന്ദിയുള്ളവരാണ്. ഞങ്ങൾ വളരേയധികം കടപ്പെട്ടിരിക്കുന്നു. നന്ദി, പ്രധാനമന്ത്രി ജി', ഖുശ്ബു കുറിച്ചു.

ഭാവി മരുമകൻ ശ്രാവൺ ശ്രീനിവാസനും മകൾ അവന്തികയും ഖുശ്ബുവിനും സുന്ദറിനുമൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഇരുവരേയും അനുഗ്രഹിച്ചു.

സുജേഷ് ആനി ഈപ്പൻ സംവിധാനംചെയ്യുന്ന ആരംഭം എന്ന മലയാളം ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവന്തിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നിരുന്നു. തൃശ്ശൂരിൽ വിവിധ ഇടങ്ങളിലായാണ് ഷൂട്ടിങ്.

കഴിഞ്ഞ തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ മധുര സെൻട്രൽ മണ്ഡലത്തിൽ ന്യൂ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു ഖുശ്ബുവിന്റെ ഭർത്താവ് സുന്ദർ സി. കമൽഹാസൻ നിർമിക്കുന്ന രജനീകാന്ത് ചിത്രത്തിന്റെ സംവിധായകനായി ആദ്യം പ്രഖ്യാപിച്ചിരുന്നത് സുന്ദർ സിയെ ആയിരുന്നു. പിന്നീട് അദ്ദേഹം ചിത്രത്തിൽനിന്ന് പിന്മാറി.