ബെംഗളൂരു: കാത്തിരിപ്പിന് വിരാമമിട്ട് ബ്രഹ്മാണ്ഡചിത്രം കെ.ജി.എഫ്. ചാപ്റ്റർ 2ന്റെ അഞ്ചു ഭാഷകളിലുള്ള ട്രെയ്ലർ പുറത്തിറങ്ങി. ബെം​ഗളൂരുവിൽ നടന്ന  ചടങ്ങ് പ്രമുഖ ബോളിവുഡ് സംവിധായകനും അവതാരകനുമായ കരൺ ജോഹറാണ് ഹോസ്റ്റ് ചെയ്തത്. 

To advertise here,

ഇന്ത്യൻ സിനിമയുടെ അഭിമാനനിമിഷമാണിതെന്ന് കരൺ ജോഹർ പറഞ്ഞു. കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ, കന്നട നടൻ ശിവരാജ് കുമാർ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, മലയാളത്തിൽ നിന്ന് പൃഥ്വിരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രിൽ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരളത്തിൽ കെ.ജി.എഫ്. ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.

ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചലനമുണ്ടാക്കിയ കന്നഡ ചിത്രമാണ് 2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫ്. യഷ് നായകനായ ചിത്രം മൊഴിമാറ്റി തമിഴ്, മലയാളം, ഹിന്ദി, തെലുഗു അടക്കം വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തുകയും എല്ലായിടങ്ങളിലും ബോക്സോഫീസിൽ വൻവിജയമാകുകയും ചെയ്തിരുന്നു. 

കോലാർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിൽ കഥപറഞ്ഞ കെ.ജി.എഫ്. എന്ന ഒറ്റ ചിത്രംകൊണ്ടാണ് യഷിന്റെ താരമൂല്യം കുതിച്ചുയർന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വൻസ്വീകാര്യതയിൽ നിന്നുകൊണ്ടുതന്നെയാണ് ഈ വിഷുവിന് കെ.ജി.എഫ്. ചാപ്റ്റർ ടു പ്രദർശനത്തിനൊരുങ്ങുന്നത്. 

കെ.ജി.എഫ്. ചാപ്റ്റർ 1ന്  ശേഷം രണ്ടാംഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാകും രണ്ടാംഭാഗത്തിന്റെ പ്രധാന ഹൈലൈറ്റ്. നായകൻ യഷിനുപുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാംഭാഗത്തിൽ എത്തുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

പ്രകാശ് രാജ്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റുതാരങ്ങൾ. പ്രശാന്ത് നീൽ സംവിധാനംചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് നിർമിച്ചിരിക്കുന്നത്.