
സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് 2. ജൂലൈ 16ന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യാഷിന്റെ ആരാധകർ.
ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നൽകണമെന്നാണ് കത്തിലെ ആവശ്യം.
തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും കെജിഎഫ് വെറുമൊരു സിനിമയല്ല അതൊരു വികാരമാണെന്നും കത്തിൽ പറയുന്നു.
കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
കെ.ജി.എഫി'ന്റെ രണ്ടാം ഭാഗം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഹിറ്റ്മേക്കർ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Yash Fan Pens Letter to PM Modi to declare KGF 2 release date as public holiday
Published: 05 Feb 2021, 12:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented