തൻ്റെ ചിത്രം പരിഗണിക്കപ്പെടാത്തതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് ഒരു കുട്ടിയുടേയും പ്രകടനം പരിഗണിക്കാത്തതാണെന്ന് 'സ്താനാർത്തി ശ്രീക്കുട്ട'ൻ്റെ സംവിധായകൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

സംവിധായകൻ വിനേഷ് വിശ്വനാഥ് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ ഒരു ചിത്രവും പരിഗണിക്കാത്തതിലെ നിരാശ പങ്കുവച്ച് സംവിധായകൻ വിനേഷ് വിശ്വനാഥ്. തൻ്റെ ചിത്രം പരിഗണിക്കപ്പെടാത്തതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് ഒരു കുട്ടിയുടെയും പ്രകടനം പരിഗണിക്കാത്തതാണെന്ന് 'സ്താനാർത്തി ശ്രീക്കുട്ട'ൻ്റെ സംവിധായകൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. വിദ്യാലയങ്ങളിൽ അർധവൃത്താകൃതിയുള്ള ക്ലാസ് മുറി എന്ന ആശയം വീണ്ടും ചർച്ചയാക്കുകയും ദേശീയ തലത്തിൽ നിരവധി പ്രശംസ ലഭിക്കുകയും ചെയ്ത ചിത്രമായിരുന്നു 'സ്താനാർത്തി ശ്രീക്കുട്ടൻ'.
'പുരസ്കാരത്തിന് സമർപ്പിച്ച ചിത്രങ്ങളിൽ മികച്ചത് തിരഞ്ഞെടുക്കലാണല്ലോ ജൂറി ചെയ്യേണ്ടത്. എൻ്റെ ചിത്രം പരിഗണിച്ചില്ലെങ്കിലും പോട്ടേന്ന് വയ്ക്കാം. കിഷ്കിന്ധാകാണ്ഡത്തിൽ മികച്ച പ്രകടനം നടത്തിയ കുട്ടിക്ക് പുരസ്കാരം കൊടുക്കാമായിരുന്നല്ലോ. അതുമല്ലെങ്കിൽ എആർഎമ്മിലെ അഭിനയത്തിന് സാംരംഗിന് കൊടുക്കാമായിരുന്നല്ലോ. 2024 ൽ കുട്ടികളെല്ലാം മോശമായിരുന്നു എന്ന് പറയുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുമെന്ന് ഓർക്കണം.
പ്രധാന ജൂറി ഈ ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. ഞങ്ങളുടെ ചിത്രമൊക്കെ ജൂറി ചെയർമാൻ്റെ അടുത്ത് എത്തിയോ എന്ന് പോലും ഉറപ്പില്ല. അദ്ദേഹം പറഞ്ഞ വാക്കുകൾ അടിച്ചേൽപ്പിക്കപ്പെട്ടതാണോ എന്നും തോന്നുന്നുണ്ട്.
നമ്മുടെ പടം 2024 ൽ ആണോ 2025ൽ ആണോ എന്ന സംശയം ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പക്ഷേ ജൂറിക്ക് ആ സംശയം വരില്ലല്ലോ.
കുട്ടികളുടെ വിഭാഗം മൊത്തത്തിൽ ഒഴിവാക്കിയതിലാണ് നിരാശ. കുട്ടികളെ മൊത്തത്തിൽ തഴഞ്ഞതിൽ വിഷമമുണ്ട്. 'സ്താനാർത്തി ശ്രീക്കുട്ടൻ' കുട്ടികളുടെ സിനിമയായി സെൻസർ ചെയ്യപ്പെടാത്തതിലാണ് മികച്ച ചിത്രത്തിനായി പരിഗണിക്കപ്പെടാത്തതെന്നാണ് പറയപ്പെടുന്നത്. പക്ഷേ ബാലതാരത്തിനുള്ള പുരസ്കാരത്തിന് ആ മാനദണ്ഡം വിഷയമല്ലല്ലോ. ശ്രീക്കുട്ടന് തന്നെ കിട്ടിയില്ലെങ്കിലും പ്രശ്നമില്ല, ആർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ', വിനേഷ് വിശ്വനാഥ് പറഞ്ഞു.
55-ാമത് ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ കുട്ടികളുടെ വിഭാഗത്തിൽ ഒരു ചിത്രവും ഉൾപ്പെട്ടിരുന്നില്ല. അഭിനയത്തിനുള്ള പുരസ്കാരത്തിനും ആരെയും പരിഗണിച്ചിരുന്നില്ല. ഫെെനൽ റൗണ്ടിൽ രണ്ട് ചിത്രങ്ങൾ എത്തിയെങ്കിലും പുരസ്കാരത്തിന് അർഹതയുണ്ടായിരുന്നില്ലെന്നാണ് വിശദീകരണം.
കുട്ടികൾക്കായുള്ള നല്ല സിനിമകളില്ല എന്നായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജ് പ്രതികരിച്ചത്. കുട്ടികളുടെ വൈകാരിക തലങ്ങൾ കാണിക്കുന്ന ചിത്രം വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പുരസ്കാര നിർണയത്തിൽ നിരാശ പ്രകടിപ്പിച്ച് താരങ്ങളും അണിയറപ്രവർത്തകരും രംഗത്തെത്തുകയും ചെയ്തു. സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആനന്ദ് മന്മഥൻ, ബാലതാരം ദേവനന്ദ, സ്‌കൂൾ ചലേ ഹം എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്ത് ഉൾപ്പടെയുള്ളവർ നിരാശ പ്രകടിപ്പിച്ച് എത്തിയിരുന്നു.
Content Highlights: Children's Film Category Oversight in State Awards: Director Vinesh Viswanath Expresses Disappointment
Published: 04 Nov 2025, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented