
ലോസ് ആഞ്ജലിസ് : ലോകസിനിമയില്‍ എക്കാലവും ആഘോഷിക്കപ്പെടുന്ന ഒന്നാണ് ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്. ഓസ്കാര്‍ പുരസ്കാരം നേടിയ ചിത്രത്തിന് ആരാധകരേറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചില പിന്നാമ്പുറ കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്. ടൈറ്റാനിക്കിന്റെ അന്ത്യരംഗങ്ങളില്‍ കപ്പല്‍ തകരുമ്പോള്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ചാണല്ലോ റോസ് രക്ഷപ്പെട്ടത്. പലകയില്‍ രണ്ടുപേര്‍ക്ക് ഇടമില്ലാത്തതിനാല്‍ റോസിന്റെ പ്രാണപ്രിയന് ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയും ചെയ്തു. റോസിനെ രക്ഷപ്പെടുത്തിയ ആ 'വാതില്‍' യഥാര്‍ഥത്തില്‍ ഒരു വാതില്‍ അല്ലെന്നാണ് കെയ്റ്റ് തുറന്നുപറഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയന്‍ ടോക്ക് ഷാ ആയ ദി പ്രോജക്ടിലായിരുന്നു കേറ്റ് ഇക്കാര്യം ഓര്‍ത്തെടുത്ത് പറഞ്ഞത്.
കപ്പല്‍ മുങ്ങുമ്പോള്‍ നായിക രക്ഷപ്പെടാനായി പൊങ്ങിക്കിടക്കുന്നത് ഒരു വാതിലിന്റെ മുകളിലായിരുന്നല്ലോ, അതില്‍ നായകന് ഡികാപ്രിയോയ്ക്കും രക്ഷപ്പെടാന്‍ സ്ഥലമുണ്ടായിരുന്നോ എന്നായിരുന്നു താരങ്ങളോടുള്ള രസകരമായ ചോദ്യം. ഇതിന് മറുപടിയായാണ് കേറ്റിന്റെ വെളിപ്പെടുത്തല്‍. വാതിലായിരുന്നുവെന്ന് എല്ലാവരും പറയുന്നു. പക്ഷെ യഥാര്‍ഥത്തില്‍ അത് ഒരു വാതിലായിരുന്നില്ല. അത് സ്റ്റെയര്വേയ്സിന്റേയോ മറ്റോ പൊട്ടിപ്പോയൊരു കഷ്ണം മാത്രമായിരുന്നു. അതില്‍ ഡികാപ്രിയോയ്ക്ക് സ്ഥലമുണ്ടായിരുന്നോ എന്ന് ആര്‍ക്കറിയാം എന്നായിരുന്നു കേറ്റിന്റെ മറുപടി.

ടൈറ്റാനിക് പുറത്തിറങ്ങിയ കാലം മുതല്‍ റോസ് രക്ഷപ്പെടാനുപയോഗിച്ച വാതിലിനെ ചൊല്ലിയും വാദപ്രതിവാദങ്ങള്‍ ആരംഭിച്ചിരുന്നു. റോസ് രക്ഷപ്പെട്ട അതേ വാതിലില്‍ ഒരാള്‍ക്ക് കൂടി രക്ഷപ്പെടാനുള്ള സ്ഥലമുണ്ടായിരുന്നല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ജാക്കിന് പലകയില്‍ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകള്‍ നിരത്തിയാണ് ചിലര്‍ ചോദ്യം ചെയ്തത്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ സിനിമയിറങ്ങി 25-ാം വര്‍ഷം യഥാര്‍ഥത്തില്‍ എന്താകാം സംഭവിച്ചതെന്നറിയാന്‍ ജെയിംസ് കാമറൂണ്‍ വിവിധ സാഹചര്യങ്ങള്‍ പുനരാവിഷ്കരിച്ച് വിശദമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിരുന്നു. ജാക്ക് മരണപ്പെടുന്നതും ജീവിച്ചിരിക്കുന്നതും കാരണങ്ങളെ അടിസ്ഥാനമാക്കിയാവാം, ഒരുപക്ഷെ അന്ന് ജാക്ക്, റോസിന്റെ സുരക്ഷയ്ക്കാവാം മുന്‍തൂക്കം കൊടുത്തത് തുടങ്ങിയ വിശദീകരണങ്ങളായിരുന്നു അന്ന് അദ്ദേഹം പഠനത്തിന് ശേഷം പറഞ്ഞത്. റോസ് രക്ഷപ്പെട്ടത് ഒരു വാതില്പ്പാളിയിലല്ലെന്ന തുറന്നുപറച്ചിലോടെ ആരാധകരുടെ ഈ സംശയങ്ങള്‍ക്ക് കൂടിയാണ് അന്ത്യമായിരിക്കുന്നത്.
റോസ് പിടിച്ചുകിടന്നു രക്ഷപ്പെട്ട 'വാതില്‍പ്പലക'യുടെ കഷണം അടുത്തിടെയാണ് ലേലത്തില്‍ വിറ്റുപോയത്. ബാള്‍സ മരത്തിന്റെ പലകയാണ് സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത്. യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആയിരുന്നു വാതില്‍ ലേലത്തിനെത്തിച്ചത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് ഇത് ലേലത്തില്‍ പോയത്.
Content Highlights: Kate Winslet Reveals Floating Door In Titanic Was Another Piece Of The Ship
Published: 28 Oct 2024, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented