കോഴിക്കോട്: മാവൂർ ജി.എച്ച്.എസ്.എസിലെ കുട്ടികൾക്കൊപ്പം 24 വർഷംമുമ്പ് ‘ടൈറ്റാനിക്’ സിനിമ കാണുമ്പോൾ ബീനാ ഫിലിപ്പ് അവരുടെ പ്രിയപ്പെട്ട അധ്യാപികമാത്രമായിരുന്നു. വ്യാഴാഴ്ച മേയർ ബീനാ ഫിലിപ്പും അന്നത്തെ കുട്ടികളും വീണ്ടും തിയേറ്ററിലെത്തി, ടൈറ്റാനിക് കണ്ടു. മേയർപദവിയിലാണെങ്കിലും കുട്ടികളുടെ പ്രിയ അധ്യാപികതന്നെയായി അവർ.

To advertise here,

മാവൂർ സ്കൂളിലെ 1999 ബാച്ച് പ്ലസ് വൺ വിദ്യാർഥികളാണ് മേയർ ബീനാ ഫിലിപ്പിനൊപ്പം സിനിമകാണാനെത്തിയത്. അവരുടെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബീനാ ഫിലിപ്പ്. അന്ന് ഹയർസെക്കൻഡറി പാഠഭാഗം ‘സിങ്കിങ് ഓഫ് ടൈറ്റാനിക്’ പഠിപ്പിക്കുമ്പോഴാണ് ബീനാ ഫിലിപ്പ് കുട്ടികളെ ക്രൗൺ തിയേറ്ററിൽ സിനിമയ്ക്കുകൊണ്ടുവന്നത്.

ടൈറ്റാനിക് വീണ്ടും പ്രദർശനത്തിനെത്തിയപ്പോഴാണ് ടീച്ചർക്കൊപ്പം ക്രൗണിലെത്തി സിനിമകാണാമെന്ന ആശയം വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലൂടെ പഴയകുട്ടികൾ പങ്കുവെച്ചത്. ടീച്ചർക്കും സമ്മതം. കുറച്ചുനേരം സിനിമകണ്ട് ‘കുട്ടികളെ’ കണ്ടതിന്റെ സന്തോഷംപങ്കിട്ടാണ് മേയർ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയത്.