നടനും സംവിധായകനുമായ ധനുഷിന്റെ സംവിധാന സംരംഭമായ 'ഇഡ്‌ലി കടൈ' തിയേറ്ററിൽ എത്തിക്കഴിഞ്ഞു. ചിത്രത്തിൻ്റെ വിജയത്തിനു പിന്നാലെ ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയുടെ അഭിമുഖം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

To advertise here,

 യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മക്കൾ  നല്ല രീതിയിൽ പഠനം പൂർത്തിയാക്കി മറ്റ് മേഖലകളിലേക്ക് പോകണമെന്നായിരുന്നു താൻ  ആഗ്രഹിച്ചിരുന്നതെന്നുൾപ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് കസ്തൂരി രാജ പറയുന്നത്. എന്നാൽ സാഹചര്യം മാറുകയും സിനിമതന്നെ അവരെ ആകർഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ധനുഷിൻ്റെ 'തുളളുവതോ ഇളമൈ' എന്ന ആദ്യ ചിത്രത്തിനായി  കാസ്റ്റ് ചെയ്തിരുന്നത്‌ നടൻ ഉദയ് കിരണിനെ ആയിരുന്നു. എന്നാൽ അദ്ദേഹം പിന്മാറിയ സാഹചര്യത്തിലാണ് ധനുഷിനെ നായകനായി അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് കസ്തൂരി രാജ ഓർമ്മിച്ചു. ധനുഷിന് സിനിമാ പ്രവേശനത്തിൽ തീരെ താൽപ്പര്യമില്ലായിരുന്നെങ്കിലും  നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. 

സെറ്റിലെ സമ്മർദ്ദവും ഭയവും

ഷൂട്ടിംഗ് സ്ഥലത്ത് ധനുഷിന്റെ സഹോദരനായ സെൽവരാഘവൻ വളരെ ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറയുന്നു. വീട്ടിലെത്തിയാൽ ധനുഷ് അമ്മയുടെ മടിയിൽ തലചായ്ച്ച് കരഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. "എനിക്ക് സിനിമയേ വേണ്ട. ആർക്കു തെറ്റുപറ്റിയാലും തന്നെയാണ് വഴക്കു പറയുന്നതെന്ന് ധനുഷ് പറയുമായിരുന്നു. പുറമെ തിളക്കമുള്ളതായി തോന്നുമെങ്കിലും സിനിമയുടെ അകത്ത് വലിയ വേദനകളും പ്രയാസങ്ങളുമാണുള്ളത്’- കസ്തൂരി രാജ പറഞ്ഞു.