2025-ലെ ഏറ്റവും വലിയ തീയേറ്ററിക്കല്‍ ഹിറ്റുകളില്‍ ഒന്നാണ് ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'കാന്താര: എ ലെന്‍ജന്‍ഡ്- ചാപ്റ്റര്‍ വണ്‍'. ചിത്രത്തിന് രാജ്യമെമ്പാടും വലിയ പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, ചിത്രത്തിന് ലഭിച്ച പ്രശംസകളില്‍ കല്ലുകടിയായി സാമൂഹികമാധ്യമങ്ങളില്‍ ഒരു ഭാഗം പ്രചരിച്ചിരുന്നു. നാലാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിലെ പാട്ടുസീനില്‍ ഒരു പ്ലാസ്റ്റിക് കുടിവെള്ള കാന്‍ പ്രത്യക്ഷപ്പെട്ടതാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇതില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറും മലയാളിയുമായ ബംഗ്ലാന്‍.

To advertise here,

ചിത്രത്തിലെ 'ബ്രഹ്‌മകലശ' എന്ന പാട്ടിലെ വീഡിയോയിലാണ് അണിയറപ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്. പാട്ടില്‍ മൂന്നാം മിനിറ്റിനുശേഷമാണ് പിഴവ് ദൃശ്യമാവുന്നത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിന്നിലായി 20 ലിറ്ററിന്റെ പ്ലാസ്റ്റിക് കുടിവെള്ള കാന്‍ വെച്ചിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. 'പ്രാചീന കാലത്തേ കുപ്പിവെള്ളമുണ്ടായിരുന്നോ', എന്ന ചോദ്യവുമായി പിന്നാലെ ആരാധകരെത്തി. ഇതിലാണ് ഇപ്പോള്‍ ബംഗ്ലാന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

ലൊക്കേഷനില്‍ ഭക്ഷണത്തിനൊപ്പം കൊണ്ടുവന്ന വെള്ളക്കുപ്പി ഫ്രെയ്മിലാണെന്ന് അറിയാതെ മറന്നുവെക്കുകയായിരുന്നുവെന്നാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബംഗ്ലാന്‍ പറഞ്ഞത്. 'പ്രൊഡക്ഷന്റെ ഭാഗത്തുനിന്ന് ഭക്ഷണത്തിനൊപ്പം കൊണ്ടുവന്ന വെള്ളത്തിന്റെ ബോട്ടില്‍ ആരോ വെച്ചു മറന്നതാണ്. പിന്നീട് ചിത്രത്തില്‍നിന്ന് അത് മാറ്റി. അത്രയും സൂക്ഷ്മമായി പരിശോധിച്ചിട്ടുപോലും ശ്രദ്ധയില്‍പ്പെട്ടില്ലല്ലോ എന്ന് അത് പുറത്തുവന്നപ്പോള്‍ ടെന്‍ഷനടിച്ചു'- ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.