അടുത്തകാലത്തായി ഇന്ത്യൻ സിനിമകളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ കഥാപാത്രങ്ങളെ ലൈംഗികമായി ചിത്രീകരിക്കുന്നതും (objectification) അവരുടെ സമ്മതമില്ലാതെയുള്ള പ്രണയ രംഗങ്ങളും. അടുത്തിടെ റിലീസ് ചെയ്ത 'പെദ്ധി' (Peddi) എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, നടി കങ്കണ റണാവത്ത് സിനിമയിലെ സ്ത്രീസങ്കല്പത്തെക്കുറിച്ച് തന്റെ ശക്തമായ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്.

To advertise here,

ബുച്ചി ബാബു സന സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ഡ്രാമയായ 'പെഡ്ഡി'യിലെ ജാൻവി കപൂറിന്റെ 'അച്ചിയമ്മ' എന്ന കഥാപാത്രത്തെ അമിതമായി ലൈംഗികവൽക്കരിച്ചത് പുതിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നായികയുടെ ശരീരഭാഗങ്ങളുടെ പ്രദർശനവും നായകനായ രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രം, നായികയ്ക്ക് ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും അവരുടെ സമ്മതമില്ലാതെ ചുംബിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. ഇത്തരം രംഗങ്ങൾ അതിക്രമമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. വിവാദം കടുത്തതോടെ സംവിധായകൻ പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു. സിനിമാ രംഗത്തെ നിരവധിയാളുകൾ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തുവന്നിരുന്നു ഇപ്പോഴിതാ കങ്കണ റണൗട്ടും പെഡ്ഡി വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

തന്റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാത'യുടെ പ്രൊമോഷനിടെ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു സിനിമ ചെയ്യാൻ സമ്മതിക്കുമ്പോൾ, തങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് തോന്നിയാൽ അഭിനേതാക്കൾ തീർച്ചയായും അതിനെതിരെ ശബ്ദമുയർത്തുകയും തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയും വേണം എന്നാണ് കങ്കണയുടെ നിലപാട്.

ഒരു കഥാപാത്രം ചെയ്യാൻ തീരുമാനിക്കുമ്പോൾ അത് ലൈംഗികവത്കരിക്കും വിധം ചിത്രീകരിക്കപ്പെടുന്നില്ലെന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ.

സ്ത്രീകളെ ഉപഭോഗവസ്തുവാക്കുക എന്ന ഉദ്ദേശത്തോടെ ആരും ബോധപൂർവം സിനിമ നിർമിക്കുന്നില്ലെന്നാണ് കങ്കണയുടെ അഭിപ്രായം. "ഒരു സിനിമ ചെയ്യുമ്പോൾ വ്യത്യസ്തങ്ങളായ നിരവധി വീക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ നിങ്ങൾക്കും അഭിപ്രായം പറയാം. ഇത് മറ്റൊരു രീതിയിൽ തോന്നുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കാം. ഇത് ശരിയായി തോന്നുന്നില്ലെന്ന് പറഞ്ഞാൽ, ഭൂരിഭാഗം ആളുകളും അത് അംഗീകരിക്കാൻ തയ്യാറാകും. കാരണം തിരക്കഥ എഴുതുമ്പോൾ അവർ ആ രീതിയിൽ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല." കങ്കണ പറയുന്നു.

ഒരു സിനിമയിൽ പ്രവർത്തിക്കുക എന്നത് ഒരു കൂട്ടായ്മയുടെ ഭാഗമാണെന്നും, അവിടെ തുറന്ന ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ജൂൺ 12-നാണ് കങ്കണയുടെ 'ഭാരത് ഭാഗ്യ വിധാത' റിലീസിനെത്തുന്നത്. 400-ലധികം ജീവനുകൾ രക്ഷിക്കാൻ അസാധാരണമായ ധൈര്യം കാണിക്കുന്ന ഒരു സാധാരണ സ്റ്റാഫ് നഴ്സായാണ് കങ്കണ വേഷമിടുന്നത്. പ്രതിസന്ധികൾക്കിടയിലും പൊതുസേവനത്തിൽ മുന്നിൽ നിൽക്കുന്ന, എന്നാൽ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്ന ഒരു സാധാരണ സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.