തിരുവനന്തപുരം: സിനിമയിലെ അപ്രഖ്യാപിതവിലക്ക് തടയാൻ വ്യവസ്ഥകൾ, പരാതിപരിഹാരത്തിന് സെൽ തുടങ്ങിയവയുൾപ്പെട്ട സിനിമാനയം ഉടൻ. മുൻ സർക്കാരിന്റെ സിനിമാനയത്തിൽനിന്ന് വലിയ മാറ്റങ്ങളോടെയാണ് യു.ഡി.എഫ്. സർക്കാർനയം തയ്യാറാക്കിയിരിക്കുന്നത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട സംഘടനകളുമായുള്ള ചർച്ച പൂർത്തിയായി. തദ്ദേശം, വൈദ്യുതി, ടൂറിസം, വ്യവസായം തുടങ്ങിയ വകുപ്പുകളുമായുള്ള ചർച്ച പൂർത്തിയായാലുടൻ നയം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും.

To advertise here,

പരാതിപ്പെടുന്നവരെ പുതിയ സിനിമകളിൽ ഉൾപ്പെടുത്താതിരിക്കാൻ നിശബ്ദ പ്രചാരണമെന്നതാണ് വിലക്കിന്റെ രീതി. ഇതില്ലാതാക്കാനും പരാതികൾ പരിഹരിക്കാനും പ്രത്യേക സെൽ നയത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കും പ്രാധാന്യം നൽകും.

സിനിമയ്ക്ക് വ്യവസായപദവി നൽകാൻ സർക്കാർ തീരുമാനിച്ചതോടെ കുറഞ്ഞ പലിശനിരക്കിൽ വായ്പയ്ക്കും ചിത്രീകരണാനുമതിക്കും ഏകജാലകസംവിധാനം നയത്തിൽ ഉൾപ്പെടുത്തും. തിയേറ്ററുകളിലെ വൈദ്യുതി നിരക്കിൽ മാറ്റംവരുത്തണമെന്ന ആവശ്യവും പരിഗണിക്കും.

ഇടതുസർക്കാരിന്റെ സിനിമാനയം കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് ഹേമാകമ്മിറ്റി ശുപാർശകൾകൂടി കണക്കിലെടുത്തായിരുന്നു ഇത്. സർക്കാർ മാറിയതോടെ ഇവ നടപ്പാക്കാനായില്ല. പുതിയ നയത്തിലും ഹേമാകമ്മിറ്റിയുടേതുൾപ്പെടെയുള്ള ശുപാർശകൾ പരിഗണിച്ചിട്ടുണ്ട്.