വൈറൽ... ഈ വാക്കിനോളം ബഹുമുഖമുള്ള മറ്റൊരു വാക്ക് കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഒരാൾക്ക് രണ്ടുതരത്തിൽ പ്രസിദ്ധനാവാം. സുപ്രസിദ്ധനും കുപ്രസിദ്ധനും. ഇതുരണ്ടും ഒരുമിച്ചുവരുന്ന ന്യൂജെൻ വാക്കാണ് വൈറൽ. സ്വന്തം പ്രവൃത്തിമൂലം വിധിയെ ക്ഷണിച്ചുവരുത്തി വൈറലായ വിവേകാനന്ദന്റെ കഥയാണ് കമൽ രചനയും സംവിധാനവും നിർവഹിച്ച് ഷൈൻ ടോം ചാക്കോ, സ്വാസിക, ​ഗ്രേസ് ആന്റണി എന്നിവർ മുഖ്യവേഷത്തിലെത്തിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം.

To advertise here,

കുടുംബചിത്രങ്ങളിലൂടെയും സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങളിലൂടെയും മലയാളിമനസിൽ എന്നേ ഇരിപ്പുറപ്പിച്ച സംവിധായകൻ കമൽ നീണ്ട ഇടവേളയ്ക്കുശേഷം ഒരുക്കിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. പേരുസൂചിപ്പിക്കുന്നതുപോലെ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരനാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. അയാൾ എങ്ങനെ വൈറലാവുന്നു? എന്താണതിലേക്ക് നയിച്ച ഘടകങ്ങൾ എന്നെല്ലാമാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിവേകാനന്ദൻ, അയാളുടെ ഭാര്യ, ലിവിങ് ടു​ഗെതർ പങ്കാളി എന്നിവരിലൂടെയാണ് ചിത്രം മുന്നേറുന്നത്.

വിവാഹശേഷം ഒരു പെൺകുട്ടിക്ക് അവളുടെ ഭർത്താവിൽ നിന്ന് നേരിടുന്ന ബലാത്സം​ഗം എന്ന കാലികപ്രസക്തവും അതീവ ​ഗൗരവതരവുമായ വിഷയമാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ കമൽ അവതരിപ്പിക്കുന്നത്. നാട്ടിലും വീട്ടിലും മാന്യനായ ഭർത്താവ്, മദ്യപാനമില്ല, എന്തിന് പുറത്തുനിന്ന് ഭക്ഷണംപോലും വാങ്ങിക്കഴിക്കില്ല. പക്ഷേ കിടപ്പറയിലെത്തിയാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ മറ്റൊരാളെയാകും ആ പെൺകുട്ടി കാണുക. എത്രനാൾ കൊടിയ മാനസിക-ശാരീരിക-ലൈം​ഗിക പീഡനം സഹിച്ച് ഇങ്ങനെയൊരു പെൺകുട്ടിക്ക് സഹിക്കാനാവും എന്ന ചോദ്യമാണ് ചിത്രം ഉയർത്തുന്ന ഒന്നാമത്തെ കാര്യം. ഇതിന്റെ പര്യവസാനം ഒരു പൊട്ടിത്തെറിയാകുമെന്ന ഉത്തരവും ചിത്രം നൽകുന്നുണ്ട്. ആ പൊട്ടിത്തെറിയാണ് ഈ കമൽ ചിത്രത്തിന്റെ കാതൽ.

എന്റെ ശരീരം എന്റെ അഭിമാനമാണ് എന്ന മുദ്രാവാക്യമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളിലൂടെ സിനിമ ഉയർത്തുന്നത്. ഇതിന് ബലമേകുന്ന രീതിയിലാണ് വിവേകാനന്ദൻ, സിതാര, ഡയാന എന്നീ കഥാപാത്രങ്ങളെ എഴുത്തുകാരൻകൂടിയായ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്. തന്റെ സംതൃപ്തിക്ക് മാത്രം പരി​ഗണന നൽകുന്നയാളാണ് വിവേകാനന്ദൻ. തന്റെ ആണധികാരം ഭാര്യയിലും ലിവിങ് ടു​ഗെദർ പങ്കാളിയിലും ബലംപ്രയോ​ഗിച്ച് അടിച്ചേൽപ്പിക്കുന്നയാളാണ് ഇയാൾ. ഈ കഥാപാത്രം ഷൈൻ ടോം ചാക്കോയിൽ ഭദ്രമായിരുന്നു. ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം സ്വാസികയുടെ സിതാരയും ​ഗ്രേസ് ആന്റണിയുടെ ഡയാനയും. വിവേകാനന്ദന്റെ ക്രൂരത ഒരുപോലെ അനുഭവിച്ചവരാണിവർ. വിവേകാനന്ദൻ വൈറലാകുന്നതിലൂടെ ഒരു വിപ്ലവത്തിനുതന്നെയാണ് ഇരുവരും തുടക്കമിടുന്നത്.

ജോണി ആന്റണിയുടേയും മാലാ പാർവതിയുടേയും കഥാപാത്രങ്ങൾ തമ്മിലുള്ള വഴക്കുകൾ തിയേറ്ററിൽ ചെറുചിരി തീർക്കുന്നുണ്ട്. ഇയാളൊന്ന് വൈറലായിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ വിചാരിക്കുന്ന സമയത്താണ് വിവേകാനന്ദൻ ആ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. മെറീന മൈക്കിൾ, ശരത് സഭ, വിനീത് തട്ടിൽ, നിയാസ് ബക്കർ, സ്മിനു സിജോ, പ്രമോദ് വെളിയനാട്, രമ്യാ സുരേഷ്, സിദ്ധാർത്ഥ് ശിവ തുടങ്ങി വലുതും ചെറുതുമായ ഒരുപിടി താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. കാലികപ്രസക്തമായ വിഷയത്തെ വലിയ ​ഗിമ്മിക്കുകൾ കാണിക്കാതെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മാരിറ്റൽ റേപ്പ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. പക്ഷേ ആ ചിത്രത്തിൽ നിന്നും ഏറെ വിഭിന്നമാണ് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലെ വിവേകാനന്ദൻ. താൻ ചെയ്യുന്നത് തന്റെ അധികാരം സ്ഥാപിക്കലാണെന്നും ബലാത്സം​ഗമാണെന്നും അത് തെറ്റാണെന്നുമുള്ള ഉത്തമ ബോധ്യത്തിലാണ് വിവേകാനന്ദൻ തന്റെ പങ്കാളികളോട് പെരുമാറുന്നത്. എന്നാൽ അതിനെ അതിജീവിക്കുകയും എതിരിടുകയും ചെയ്യുന്ന ശക്തരായ സ്ത്രീകൾ ഉള്ളിടത്തോളംകാലം വിവേകാനന്ദൻമാർ തുറന്നുകാട്ടപ്പെടുകയും വൈറലായിക്കൊണ്ടുമിരിക്കും എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.