ചെന്നൈ: ഇന്ത്യന്‍-2 സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ കമല്‍ഹാസന്‍. മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കമല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ കൈമാറും എന്നും പറഞ്ഞു. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്കുമായാണ് തുക നല്‍കുക.

To advertise here,

'പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും', കമല്‍ പറഞ്ഞു.

ഇന്ത്യന്‍- 2 സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Content Highlights : kamal hassan says he will give 1 crore each to the crew members died in crane accident