കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യന്‍ 2 ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍. എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

To advertise here,

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.

ശങ്കര്‍ സിനിമകളുടെ സെറ്റില്‍ അപകടങ്ങളും അനിഷ്ഠ സംഭവങ്ങളും അരങ്ങേറുന്നത്‌ ഇതാദ്യമായല്ല. വിക്രം നായകനായ അന്യന്റെ സെറ്റിലും രജനികാന്തിന്റെ 2.0 ചിത്രീകരിക്കുന്നതിനിടയിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. 

അന്യന്റെ സെറ്റില്‍ ഉണ്ടായ അപകടം അക്കാലത്ത് വാര്‍ത്തകളിലൊന്നും വന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ഇതെക്കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയുടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായിരുന്നു സില്‍വ. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നും. അന്യനിലെ ഏറ്റവും പ്രശസ്തമായ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. 150 തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു അത്. അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ ഉയര്‍ത്തണമെങ്കില്‍ നാലാളുകള്‍ വേണമായിരുന്നു. അതിനിടെ പീറ്റര്‍ ഹെയിന്‍ ഒരു ആശയം കണ്ടു അവതരിപ്പിച്ചു. രംഗം ചിത്രീകരിക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്ക്കാമെന്നായിരുന്നു അത്.  

എന്നാല്‍ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. പിന്നീട് അവിടെ ഒരു ചോരപ്പുഴയായിരുന്നുവെന്ന് സില്‍വ പറഞ്ഞു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം പോയി. തന്റെ സെറ്റില്‍ ഇത്രയും വലിയ അപകടം സംഭവിക്കുമെന്ന് അന്ന് ശങ്കര്‍ കരുതിയിരുന്നില്ല. സെറ്റില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുവെന്നും ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ ദിവസങ്ങള്‍ എടുത്തുവെന്നും സില്‍വ പറഞ്ഞു.

രണ്ടാമത്തെ അനിഷ്ട സംഭവം നടന്നത് 2.0 വിന്റെ ചിത്രീകരണത്തിനിടെയാണ്. ചെന്നൈയിലെ സാലിഗ്രാമത്തില്‍ സ്‌ഫോടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌ഫോടന രംഗങ്ങള്‍ ഗ്രാഫിക്‌സിന്റെ സഹായമില്ലാതെ യഥാര്‍ഥമായി ചിത്രീകരിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. ഉഗ്രസ്‌ഫോടനശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെയ്‌നര്‍ ടാങ്കില്‍ നിറച്ച് ആഡംബര കാറില്‍ ഇടിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. അതിനായി യഥാര്‍ഥ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ശബ്ദംകാരണം സമീപവാസികള്‍ കഷ്ടത്തിലായി. സമീപ പ്രദേശമാകെ പുകയില്‍ മുങ്ങി. ഉഗ്രസ്‌ഫോടനം കാരണം സമീപപ്രദേശങ്ങളിലെ വീടുകള്‍ കുലുങ്ങിയതായും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ സംഭവിച്ചുവെന്നും അന്ന് പരാതി ഉയര്‍ന്നിരുന്നു. 

Content Highlights: Indian 2 accident deaths, Director Shankar, Kamal Haasan, Anyan, 2.0