
പ്രഖ്യാപനം മുതൽ ട്രെയ്ലർ റിലീസ് വരെ വാർത്തകളിലിടംപിടിച്ച ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ടീമിന്റെ വിക്രം. പുറത്തുവരുന്ന ചില കാര്യങ്ങൾ കേട്ടാൽ വിക്രവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ലോകേഷിന്റെ രണ്ടാമത്തെ ചിത്രമായ കൈതിയുമായി ബന്ധപ്പെട്ടാണ് ചർച്ച. വിക്രമിലൂടെ സംവിധായകൻ ഒരു കൈതി മൾട്ടിവേഴ്സ് സൃഷ്ടിക്കുകയാണോ എന്നാണ് തമിഴ് സിനിമാലോകത്ത് നിന്ന് ഉയരുന്ന ചോദ്യം.
കാർത്തി നായകനായ കൈതിക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് ലോകേഷ് നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. കൈതിയിലേതിന് സമാനമായ ചിലകഥാപാത്രങ്ങൾ വിക്രമിലുള്ളതാണ് കൈതിയും വിക്രമും ചേർത്ത് ചർച്ചകൾ ഉയരാൻ കാരണം. കൈതിയിൽ പ്രധാനവേഷങ്ങളിലെത്തിയ നരേനും അർജുൻദാസും വിക്രമിലുമുണ്ട്. ഇതിൽ കൈതിയുടെ തുടക്കത്തിൽ ഗോസ്റ്റ് എന്ന മയക്കുമരുന്ന്-ആയുധ വ്യാപാരിയേക്കുറിച്ച് നരേൻ അവതരിപ്പിക്കുന്ന ബിജോയ് എന്ന കഥാപാത്രം അന്വേഷിക്കുന്നുണ്ട്. വിക്രമിൽ ഗോസ്റ്റ് എന്നാണ് നായകന് നൽകിയിരിക്കുന്ന വിളിപ്പേരും.
ബിജോയ് എന്ന കൈതിയിലെ കഥാപാത്രമായാണ് കമൽ ചിത്രത്തിൽ നരേൻ എത്തുന്നത് എന്നാണ് റിപ്പോർട്ട്. കൈതിയിലെ താരങ്ങളായ അർജുൻ ദാസ്, ഹരീഷ് ഉത്തമൻ എന്നിവർ വിക്രമിലുമുണ്ട്. ഇവർ കൈതിയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ബോസ് ആയ മയക്കുമരുന്ന് വ്യാപാരിയുടെ വേഷത്തിലാകും വിക്രമിൽ സൂര്യ എത്തുകയെന്നും വ്യാഖ്യാനമുയരുന്നുണ്ട്. കൈതിയിലും പുറത്തുവന്ന വിക്രം ട്രെയിലറിലും തേളിന്റെ ചിത്രമുള്ള ബാഗിന്റെ രംഗമുള്ളതും കൈതിയും വിക്രമും തമ്മിൽ ബന്ധമുണ്ടെന്ന വാദം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. കൈതിയുടെ പ്രീക്വൽ ആണോ വിക്രം എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.
വിക്രമിലെ സൂര്യയുടെ സാന്നിധ്യം ട്രെയ്ലർ ലോഞ്ചിനിടെ സംവിധായകൻ ലോകേഷും കമൽ ഹാസനും സ്ഥിരീകരിച്ചിട്ടുണ്ട്. സൂര്യയുടെ കാമിയോ വേഷത്തിന് സ്ഥിരീകരണമായതോടെ വിക്രം-2 ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ലോകേഷിനൊപ്പം ഒരു ചിത്രം കൂടി വരുന്നുണ്ടെന്ന് കമൽ ഹാസനും പറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ വിക്രം കൈതി രണ്ടാം ഭാഗത്തിലേക്കുള്ള ഒരു വാതിലാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനുള്ള ഉത്തരം ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തുന്ന വിക്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Kamal Haasan's Vikram, Lokesh Kanakaraj, Kaithi multiverse, Kaithi 2
Published: 18 May 2022, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented