രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രത്തിൽനിന്ന് താൻ പിന്മാറിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്.  ക്രിയാത്മകമായ വിയോജിപ്പുകളാണ് പിന്മാറ്റത്തിന് കാരണമെന്ന്‌ ചെന്നൈയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ ലോകേഷ് പറഞ്ഞു. ഈ പ്രോജക്റ്റിനായി ഒന്നര മാസത്തോളം തിരക്കഥയിൽ പ്രവർത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

സീനിയർ താരങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം താൻ പിൻവാങ്ങുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം ലഘുവായ ഒരു സിനിമ ചെയ്യാനാണ് രജനീകാന്തും കമൽ ഹാസനും താല്പര്യപ്പെട്ടതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. രജനീകാന്തിന്റേതായി ജയിലർ 2, കമൽ ഹാസൻ നായകനാകുന്ന അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വരുന്നത്. ഇതുരണ്ടും ആക്ഷൻ ചിത്രങ്ങളാണ്. ഇതുപരിഗണിച്ച് താരങ്ങൾ ശ്രദ്ധാപൂർവ്വം ഒരു മാറ്റം ആഗ്രഹിച്ചുവെന്നും ലോകേഷ് വിശദീകരിച്ചു.

കൈതി 2 എന്ന ചിത്രം വൈകുന്നത് തന്റെ ഉയർന്ന ശമ്പളമാണെന്ന അഭ്യൂഹത്തിനും ലോകേഷ് മറുപടി നൽകി. തന്റെ പ്രതിഫലവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ലോകേഷ് പറഞ്ഞു. " കൈതി 2 വൈകിയപ്പോഴാണ് അല്ലു അർജുൻ സാറുമൊത്തുള്ള എൻ്റെ പ്രോജക്റ്റ് ആരംഭിച്ചത്. അല്ലു അർജുനുമൊത്തുള്ള ചിത്രം കഴിഞ്ഞാൽ കൈതി 2 തുടങ്ങും. ഞാനും സംവിധായകൻ അറ്റ്ലീയും തമ്മിൽ യാതൊരു മത്സരവുമില്ല. അറ്റ്ലിയും അല്ലു അർജുനെ നായകനാക്കി സിനിമയെടുക്കുന്നുണ്ട്. ഞങ്ങൾ ഇരുവരുടേയും സിനിമ വിജയിക്കുന്നതിൽ ഞങ്ങൾ പരസ്പരം സന്തോഷിക്കും. ലോകേഷ് കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് അല്ലു അർജുനെ നായകനാക്കി ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് താത്ക്കാലികമായി 'AA23' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ.