
താരസാന്നിധ്യം കൊണ്ടും പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച ചിത്രമാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത 'വിക്രം'. കമൽ ഹാസൻ നായകനായ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരേൻ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. സൂര്യ അതിഥി വേഷത്തിലെത്തിയും ആരാധകരെ കയ്യിലെടുത്ത ചിത്രത്തിൽ കാർത്തിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. 'കൈതി' എന്ന ചിത്രത്തിലെ ദില്ലി എന്ന കാർത്തിയുടെ കഥാപാത്രത്തിന്റെ മുഖം പക്ഷേ സിനിമയിൽ കാണിച്ചിരുന്നില്ല. ഇതെന്തുകൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് കാർത്തി.
തന്റെ പുതിയ ചിത്രമായ 'വിരുമന്റെ' പ്രചാരണത്തിന് തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു കാർത്തി ആ രഹസ്യം തുറന്നുപറഞ്ഞത്. 'വിക്ര'മിൽ മുഖം കാണിക്കാതിരുന്നതിനുള്ള പ്രധാന കാരണം താൻ വേറെ ലുക്കിലായിരുന്നു എന്നതാണെന്ന് താരം ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 'കൈതി' സിനിമയിലെ ലുക്കിലേക്ക് വരണമായിരുന്നു. പക്ഷേ, പൊന്നിയിൻ സെൽവന്റെ തിരക്കിലായിരുന്നു. നീണ്ട മുടിയുണ്ടായിരുന്നു അപ്പോൾ. പിന്നെ 'സർദാർ' എന്ന സിനിമ ചെയ്യാൻ അത് മുറിച്ചു. താടിയൊക്കെ ഷേവ് ചെയ്തു. അതുകൊണ്ടാണ് 'വിക്ര'മിനുവേണ്ടി 'കൈതി'യിലെ കഥാപാത്രത്തിന്റെ ലുക്കിലേക്ക് പോകാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ ദില്ലിയെ കാണാൻ കുറച്ചു കാത്തിരിക്കാമല്ലോ? എല്ലാ കഥാപാത്രങ്ങളേയും 'വിക്ര'മിൽ കണ്ടാൽപ്പിന്നെ അതിനുശേഷം വേറെന്ത് കാണാനാണെന്നും കാർത്തി തമാശയായി ചോദിച്ചു. "ദില്ലിക്ക് കിട്ടുന്ന സ്നേഹത്തിൽ സന്തോഷമുണ്ട്. ദില്ലിയുടെ ശബ്ദം കേൾക്കുമ്പോളും കൈ മാത്രം കാണിക്കുമ്പോഴും കിട്ടുന്ന പ്രതികരണത്തിൽ സന്തോഷമുണ്ട്. 'കൈതി' ചെയ്തിട്ട് നാലുവർഷമായെന്ന് ഇപ്പോഴും മനസിൽവെച്ചിരിക്കുകയാണ്. 'കൈതി' രണ്ടാം ഭാഗം എപ്പോളെന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്." കാർത്തി പറഞ്ഞു
പക്ഷേ അടുത്തവർഷത്തേക്കാണ് 'കൈതി 2' പ്ലാൻ ചെയ്യുന്നത്. വിജയ് 67 ന്റെ ജോലി തീർത്താലുടൻ 'കൈതി'യുടെ രണ്ടാം ഭാഗം ലോകേഷ് ചെയ്യും. ഇതിൽ റോളക്സും ദില്ലിയും ഒരുമിച്ച് വരുമോ എന്ന് എനിക്കും അറിയില്ല. ചേട്ടനുമൊത്ത് ചെയ്യാനായി ഏതാനും തിരക്കഥകൾ കേട്ടിരുന്നെങ്കിലും നടന്നില്ല. പക്ഷേ തീർച്ചയായും ചെയ്യുമെന്നും കാർത്തി കൂട്ടിച്ചേർത്തു.
Content Highlights: actor karthi about vijay 67, kaithi 2 and vikram, lokesh kanagaraj, ponniyin selvan
Published: 10 Aug 2022, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented