രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ കൈയടി നേടി ചലച്ചിത്രതാരം കമൽഹാസൻ എംപി. 2024-ൽ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിലെ തന്റെ ഡയലോഗ് കമൽഹാസൻ രാജ്യസഭാ പ്രസംഗത്തിൽ ഉദ്ധരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

To advertise here,

'വരൂ, ഞങ്ങളെ സഹായിക്കൂ. മുന്നോട്ട് പോകാനായി ജനാധിപത്യത്തിന്റെ ഊർജം നൽകൂ. അല്ലെങ്കിൽ ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വഴിയിൽ നിന്ന് മാറിനിൽക്കൂ.' -കമൽഹാസൻ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. തുടർന്നാണ് അദ്ദേഹം കൽക്കിയിലെ ഡയലോഗ് പറഞ്ഞത്.

ഇംഗ്ലീഷിലായിരുന്നു പ്രസംഗമെങ്കിലും കൽക്കിയിലെ തെലുങ്ക് ഡയലോഗാണ് കമൽഹാസൻ പ്രസംഗത്തിൽ പറഞ്ഞത്. 'ഭഗവാൻ ജഗന്നാഥന്റെ രഥചക്രങ്ങൾ വരികയാണ്' -ഇതാണ് കമൽഹാസൻ പറഞ്ഞ വാചകം. 'ഞാൻ എന്താണ് പറഞ്ഞതെന്ന് തെലുങ്ക് അറിയുന്നവർക്ക് മനസിലാകും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമൽഹാസന്റെ പ്രസംഗത്തിന് വലിയ കൈയടിയാണ് മറ്റ് എംപിമാരിൽ നിന്ന് ലഭിച്ചത്.

നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്ത കൽക്കി 2898 എഡിയിൽ സുപ്രീം യാസ്‌കിൻ എന്ന പ്രതിനായക കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ഈ കഥാപാത്രം പറയുന്ന സംഭാഷണമാണ് കമൽ രാജ്യസഭയിൽ ഉദ്ധരിച്ചത്. തെലുങ്കിലെ വിപ്ലവ കവി ശ്രീ ശ്രീയുടെ വരികളാണ് ഇത്. തടയാനാകാത്ത മുന്നേറ്റം, വിപ്ലവകരമായ മാറ്റം, അനീതിയുടേയും സാമൂഹിക അസമത്വത്തിന്റേയും അനിവാര്യമായ നാശം എന്നിവയുടെയെല്ലാം പ്രതീകമായ ഈ വരികൾ അടിച്ചമർത്തപ്പെട്ടവർക്ക് പ്രത്യാശയേകുന്നതാണ്.