അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സലീംകുമാറിന്റെ വാദങ്ങളെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തള്ളി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടനച്ചടങ്ങില്‍ വിളിക്കാന്‍ സംഘാടകസമിതി ഭാരവാഹികള്‍ വൈകിയതാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതുതലമുറയില്‍പ്പെട്ടവരെവെച്ച് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. സലീമിനെ വിളിച്ചതായാണ് സംഘാടകസമിതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ബുധനാഴ്ച ആരംഭിക്കുന്ന ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലീംകുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.

പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീംകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സി.പി.എം. ഭരിക്കുമ്പോഴും തനിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് സലീംകുമാര്‍ ഓര്‍മിപ്പിച്ചു. കലാകാരന്മാരോട് എന്തും ചെയ്യാമെന്ന് നേരത്തേ തെളിയിച്ചതാണെന്നും അതിന്റെ ഉദാഹരണമാണ് പുരസ്‌കാരം മേശപ്പുറത്തുവെച്ചു നല്‍കിയതെന്നും സലീംകുമാര്‍ വിമര്‍ശിച്ചു.

എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ സലീംകുമാറിനെ വിളിക്കണമെന്ന് തിരുവനന്തപുരത്തുവെച്ച് ടിനി ടോം സംഘാടകരെ അറിയിച്ചതാണ്. അതിനാല്‍ പേര് വിട്ടുപോയതാണെന്ന് പറയാന്‍ പറ്റില്ല. വിവാദമായപ്പോളാണ് തന്നെ വിളിച്ചത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സലീംകുമാര്‍ പറഞ്ഞു.

Content Highlights: Kamal Denies Salim Kumar Allegations, International Film Festival Of Kerala, IFFK 2021