ന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന് സംവിധായകന്‍ സലീം അഹമ്മദ്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എറണാകുളത്ത് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ അയോഗ്യത എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

"കഴിഞ്ഞ 10 വര്‍ഷമായി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങിച്ചതാണ് തിരി കൊളുത്താനുള്ള യോഗ്യതയെങ്കില്‍ തീര്‍ച്ചയായും എനിക്കതുണ്ട്. മഹത്തരമായ സിനിമ ചെയ്തുവെന്നൊന്നും ഞാന്‍ പറയുന്നില്ല. നാല് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും എനിക്കുണ്ട്. അവിടെ ഉണ്ടായിരുന്ന 24 പേരേക്കാള്‍ എനിക്ക് യോഗ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം. 

"സത്യത്തില്‍ ഇങ്ങനെയൊരു ചടങ്ങു നടക്കുന്ന വിവരം എനിക്കറിയില്ലായിരുന്നു. ഇന്നലെ സിനിമ കാണാന്‍ വേണ്ടി പോയതായിരുന്നു ഞാന്‍. അകത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നുവെന്നും ഇത്രയും ആളുകള്‍ അതില്‍ പങ്കെടുക്കുന്നുണ്ടെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്തുകൊണ്ടാണ് ഞാന്‍ അതില്‍ ഇല്ലാത്തതെന്ന്. 

"ഇതെക്കുറിച്ച് ഞാന്‍ കമല്‍ സാറിനോട് ചോദിച്ചിരുന്നു. നിങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി എനിക്ക് ഈ മേല്‍വിലാസത്തിലാണ് അക്കാദമിയില്‍നിന്ന് കത്തുകള്‍ വരുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങളായി ഞാന്‍ എറണാകുളത്തുണ്ട്. എന്റെ വോട്ട് പോലും ഇവിടെയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ബോധപൂര്‍വ്വം എന്നെ മാറ്റി നിര്‍ത്തി എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ബോധ്യമില്ലായ്മ ഉണ്ടായിട്ടുണ്ട്"- സലീം അഹമ്മദ് പറഞ്ഞു. 

സലീം കുമാര്‍, ഷാജി എന്‍. കരുണ്‍ എന്നിവര്‍ നേരത്തേ അക്കാദമിയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. തന്റെ രാഷ്ട്രീയമാകാം ഇതിന് കാരണമെന്ന് സലീം കുമാര്‍ പറഞ്ഞു. ആരേയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയിട്ടില്ലെന്നാണ് മന്ത്രി എ.കെ. ബാലന്‍ നല്‍കിയ വിശദീകരണം.

കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഗീതു മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, റഫീഖ് അഹമ്മദ്, വിധു വിന്‍സെന്റ്, വിനായകന്‍, ആഷിക് അബു, റിമ കല്ലിങ്കല്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, നിമിഷ സജയന്‍, അന്ന ബെന്‍, വിജയ്ബാബു, മണികണ്ഠന്‍ ആചാരി, സ്വാസിക, സിതാര കൃഷ്ണകുമാര്‍, സമീറ സനീഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, സുരേഷ് കൊല്ലം, മനീഷ് മാധവന്‍, രഞ്ജിത് അമ്പാടി, കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Content Highlights: Salim Ahamed film director against Chalachitra academy for renouncing him from IFFK Inauguration