ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'പ്രളയ്'യുടെ ചിത്രീകരണ തിരക്കുകൾ കാരണം ഇത്തവണത്തെ ഓണാഘോഷവും കുടുംബത്തോടൊപ്പമുള്ള സദ്യയും നഷ്ടമായതായി നടി കല്യാണി പ്രിയദർശൻ. മുംബൈയിൽ സിനിമയുടെ ചിത്രീകരണത്തിലായതിനാൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് നടി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

To advertise here,

'ഈ ഓണക്കാലത്ത് മുംബൈയിൽ പ്രളയ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ഓണസദ്യയും കസവ് സാരി ധരിച്ച ചിത്രങ്ങളും ഓണം വിശേഷങ്ങളുമൊന്നുമില്ല. പകരം കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചില ഓർമച്ചിത്രങ്ങൾ ഇതാ പങ്കുവെക്കുന്നു. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു,' എന്ന് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പങ്കുവെച്ച ചിത്രങ്ങളിൽ മാസങ്ങൾക്കു മുമ്പുള്ള പിറന്നാൾ ആഘോഷം, ഫോട്ടോഷൂട്ടുകൾ, 'പ്രളയ്' സിനിമയുടെ തിരക്കഥയുടെ ചിത്രം എന്നിവ ഉൾപ്പെടുന്നു.

മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പ്രളയ്' എന്ന ചിത്രത്തിൽ രൺവീർ സിങ്ങാണ് നായകനായി എത്തുന്നത്. സോംബി ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് മേത്തയാണ്. ജയ് മേത്ത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ജയ് മേത്ത, വിശാൽ കപൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ നായകനായ അനൂപ് സത്യൻ ചിത്രം 'വരനെ ആവശ്യമുണ്ട്' ആണ് ആദ്യ മലയാളചിത്രം. ഫഹദ് ഫാസിലിനൊപ്പമുള്ള 'ഓടും കുതിര ചാടും കുതിര' ആണ് ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വാംപയർ വേഷത്തിൽ നായികയായി എത്തിയ 'ലോക: ചാപ്റ്റർ വൺ-ചന്ദ്ര' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ്. തമിഴിൽ ജീനി, മാർഷൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു.