
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്‌തെന്ന വാർത്തയോട് പരോക്ഷമായി പ്രതികരിച്ച് മകനും നടനുമായ കാളിദാസ് ജയറാം. ഇന്നത്തെ വാർത്ത കണ്ടപ്പോൾ അച്ഛൻ എന്താ കുമ്പിടിയാണോയെന്ന് താൻ ചിന്തിച്ചുപോയെന്ന് കാളിദാസ് ജയറാം പറഞ്ഞു. ഇരുവരും ഒരുമിച്ച 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കാളിദാസ്.
'അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെ പോലെയോ ആണ് നടനായ ജയറാമിനെ ആളുകൾ കാണുന്നത്. ഏതെങ്കിലും ജയറാം സിനിമയുടെ റഫറൻസ് ഇല്ലാതെ നമ്മുടെ ഒരുദിവസം മുന്നോട്ടുപോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർന്നുപോകുന്നത്. ഇന്നത്തെ ഒരു വാർത്ത കണ്ടപ്പോൾ, അപ്പ കുമ്പിടിയാണെന്ന് ഞാൻ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളിൽ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാൻ പറ്റുമെന്ന് ആലോചിച്ചു'- എന്നായിരുന്നു കാളിദാസിന്റെ വാക്കുകൾ.
കഴിഞ്ഞദിവസം ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യംചെയ്തുവെന്നായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന വിവരം. സ്വർണ്ണപ്പാളികൾ എന്തുചെയ്തുവെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്ന് ജയറാം മൊഴി നൽകിയതായാണ് സൂചന.
23 വർഷങ്ങൾക്കുശേഷം ജയറാമും കാളിദാസ് ജയറാമും ഒരുമിക്കുന്ന 'ആശകൾ ആയിര'ത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ഒരുവടക്കൻ സെൽഫി'ക്കുശേഷം ജി. പ്രജിത്ത് സംവിധാനംചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്മൂർത്തിയും ചേർന്നാണ്. ഫെബ്രുവരി ആറിന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights: Kalidas Jayaram indirectly reacts to reports of actor Jayaram being questioned in the Sabarimala gold smuggling case
Published: 31 Jan 2026, 11:50 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented